ജിഎസ്ടി കേരളത്തെ കരകയറ്റുമെന്ന് തോമസ് ഐസക്; വിലവര്‍ധനയ്ക്ക് സാധ്യത
കൊച്ചി:ചരക്ക്, സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതോടെ ഉദ്യോഗസ്ഥര്‍ കേന്ദ്രബിന്ദുവായ നികുതിപിരിവു സമ്പ്രദായം ഇല്ലാതായെന്നു ധനമന്ത്രി ടി.എം. തോമസ് ഐസക്. പുതിയ നികുതി സംവിധാനം സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയില്‍ ശുഭകരമായ മാറ്റങ്ങള്‍ വരുത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നാലു വര്‍ഷമായി കേരളത്തിന്റെ നികുതി വരുമാനത്തിലെ വര്‍ധന പത്തു ശതമാനമാണ്. ചെലവിലെ വര്‍ധന 15 ശതമാനവും. ജിഎസ്ടി നടപ്പാക്കുന്നതോടെ കേരളത്തിന്റെ നികുതി വരുമാനം പ്രതിവര്‍ഷം 20 ശതമാനം വീതം വര്‍ധിക്കുമെന്നാണു പ്രതീക്ഷ. ഈ വളര്‍ച്ച നാലുവര്‍ഷത്തേക്കു നിലനിര്‍ത്താന്‍ സാധിച്ചാല്‍ നിലവിലെ സാമ്പത്തികകമ്മി മറികടക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നികുതി വരുമാനം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ വാറ്റ് സംവിധാനം ഉദ്ദേശിച്ച ഫലം നല്‍കാത്ത സാഹചര്യത്തിലാണു ജിഎസ്ടിയുടെ വരവെന്നും അദ്ദേഹം പറഞ്ഞു. നികുതിക്കുമേല്നികുതി എന്ന അവസ്ഥയ്ക്കു വിരാമമിടാന്‍ വാറ്റിനു സാധിച്ചില്ല. ജിഎസ്ടിയെ സ്വീകരിക്കാന്‍ ഏറ്റവും നന്നായി തയാറെടുത്ത സംസ്ഥാനം കേരളമാണ്. മറ്റു പല സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ പ്രാരംഭദശയിലാണ്. അതുകൊണ്ടുതന്നെ അവര്‍ക്കു പല വെല്ലുവിളികളും നേരിടേണ്ടിവന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജിഎസ്ടി ജനങ്ങള്‍ക്കിടയിലെ സാമ്പത്തിക അന്തരം വര്‍ധിപ്പിക്കുമെന്നും വിലക്കയറ്റത്തിന് കാരണമായേക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. ആഡംബര വസ്തുക്കളുടെ നികുതി ജിഎസ്ടിയില്‍ കാര്യമായി താഴ്ന്നപ്പോള്‍ അവശ്യ വസ്തുക്കളുടെ നികുതിയില്‍ പ്രതീക്ഷിച്ചത്ര കുറവുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ അന്തരം ഇപ്പോഴത്തെയത്ര കുറയ്ക്കാനായത് കേരളത്തിന്റെ ഇടപെടല്‍ മൂലമാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തേ ആഡംബര വസ്തുക്കള്‍ക്ക് 24 ശതമാനം നികുതിയാണ് നിശ്ചയിച്ചിരുന്നത്. കേരളത്തിന്റെ ഇടപെടലാണ് ഇത് 28 ശതമാനമാക്കി ഉയര്‍ത്തിയത്. അവശ്യ സാധനങ്ങള്‍ക്ക് നിശ്ചയിച്ചിരുന്ന ആറു ശതമാനം നികുതി അഞ്ചാക്കി കുറച്ചതും കേരളത്തിന്റെ ആവശ്യപ്രകാരമാണെന്നും തോമസ് ഐസക് വ്യക്തമാക്കി.
ജിഎസ്ടി നിലവില്‍ വരുന്നതോടെ ബില്ലില്‍ കാണിക്കുന്ന നികുതി വര്‍ധിക്കുമെന്നതിനാല്‍ വിലവര്‍ധനയ്ക്ക് സാധ്യതയുണ്ടെന്നും ധനമന്ത്രി പറഞ്ഞു. നേരത്തേ, വാറ്റ് മാത്രമാണ് ബില്ലില്‍ കാണിച്ചിരുന്നത്. ഇതിനു പുറമെ വരുന്ന 14 ശതമാനം എക്സൈസ് ഡ്യൂട്ടി ബില്ലില്‍ കാണില്ല. ആകെ 28 ശതമാനം നികുതിയാണെങ്കിലും ബില്ലില്‍ വാറ്റ് മാത്രമേ ഉണ്ടാകൂ.
എന്നാല്‍ പുതിയ ബില്ലില്‍ ജിഎസ്ടി പ്രകാരം 18 ശതമാനം നികുതിയെന്നാണ് കാണുക. ഇത് വാറ്റില്‍ ബില്ലില്‍ കാണുന്ന നികുതിയുമായി താരതമ്യം ചെയ്ത് നികുതി വര്‍ധിച്ചു എന്നു പറയാനുള്ള അന്തരീക്ഷമുണ്ടാക്കും. ഇത് മുതലെടുത്ത് വ്യാപാരികള്‍ വില വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും ഇതു തടയാന്‍ ഉത്പന്നങ്ങളുടെ വാറ്റും ജിഎസ്ടിയും വ്യക്തമാക്കിക്കൊണ്ടുള്ള പട്ടിക സര്‍ക്കാര്‍ പുറത്തിറക്കി പത്രപ്പരസ്യം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം, ചരക്ക് സേവന നികുതി മൂല്യവര്‍ധിത നികുതിയുടെ പരിമിതികള്‍ മറികടക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാന അതിര്‍ത്തികളില്‍ നികുതി ശൃംഖല മുറിയുന്നത് ജിഎസ്ടി വരുന്നതോടെ ഇല്ലാതാകും. ഇത് പുറത്തുനിന്ന് വരുന്ന ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ഭാരം വരുന്ന അവസ്ഥ ഇല്ലാതാക്കും. വാറ്റില്‍, മുമ്പ് നികുതി നല്‍കിയിട്ടുണ്ടെങ്കിലും സംസ്ഥാന അതിര്‍ത്തി മുതല്‍ പുതിയ നികുതി നല്കുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്. എന്നാല്‍ രാജ്യത്തെ നികുതി ഏകീകരിക്കുന്ന ജിഎസ്ടിയില്‍ പുറത്തുനിന്ന് വാങ്ങിയ സാധനത്തിന് നല്കിയ നികുതി സംസ്ഥാനത്തിനകത്ത് ഇളവ് ലഭിക്കുമെന്നും ഐസക് വ്യക്തമാക്കി.