ആറാം ഘട്ട വോട്ടെടുപ്പിന് തുടക്കമായി
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ആറാം ഘട്ട വോട്ടെടുപ്പിന് തുടക്കമായി. എട്ട് സംസ്ഥാനങ്ങളിലായി 58 ലോക്സഭാ മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്ങ്.
ഹരിയാനയിലെ 10 മണ്ഡലങ്ങളിലും ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളിലും ഇന്ന് പോളിങ്ങ് നടക്കും. ഇവയ്ക്ക് പുറമേ ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങൾ, ബിഹാർ പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ എട്ട് വീതം മണ്ഡലങ്ങൾ, ഒഡീഷയിലെ ആറ് മണ്ഡലങ്ങൾ, ഝാർഖണ്ഡിലെ നാല് സീറ്റ്, ജമ്മു കശ്മീരിലെ ഒരു സീറ്റ് എന്നിവയാണ് ആറാം ഘട്ടത്തിൽ വോട്ടെടുപ്പിൽ ഉൾപ്പെടുന്നത്.
രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. 11.13 കോടി വോട്ടർമാരാണ് വോട്ടു രേഖപ്പെടുത്താൻ യോഗ്യരായിട്ടുള്ളത്. 1.14 ലക്ഷം പോളിങ്ങ് ബൂത്തുകൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.
ബി.ജെ.പിയുടെ ധർമേന്ദ്ര പ്രധാൻ, മനോജ് തീവാരി, മനേകാ ഗാന്ധി, അഭിജിജ് ഗംഗോപാധ്യായ, കോൺഗ്രസ് നേതാക്കളായ കനയ്യ കുമാർ, മെഹ്ബൂബ മുഫ്തി, രാജ് ബബ്ബാർ എന്നിവരാണ് ആറാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.
ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലേക്കുള്ള പോളിങ്ങും ഒരുമിച്ചു നടക്കും. ജൂൺ 1നാണ് ഏഴാം ഘട്ട വോട്ടെടുപ്പ്. ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും.