പുതിയ മദ്യനയം ഞായറാഴ്ച മുതല്‍; 38 ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം ഞായറാഴ്ച മുതല്‍ നിലവില്‍ വരും. സംസ്ഥാനത്ത് ബാര്‍ ലൈസന്‍സ് ലഭിക്കുന്നതിനായി ഇതുവരെ അപേക്ഷിച്ചത് 61 ബാറുടമകളാണ്. ഇതില്‍ 38 പേരുടെ അപേക്ഷ എക്സൈസ് വകുപ്പ് അംഗീകരിച്ചു.
കാസര്‍കോട്, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളൊഴിച്ച് ബാക്കി 11 ജില്ലകളിലും ബാറുടമകള്‍ക്ക് ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. നിലവില്‍ ഏറ്റവും കൂടുതല്‍ ബാര്‍ ലൈസന്‍സ് അനുവദിച്ചിട്ടുള്ളത് തിരുവനന്തപുരത്തും എറണാകുളത്തുമാണ്. വയനാട്ടിലും കൊല്ലത്തും ലൈസന്‍സിന് അപേക്ഷിച്ച രണ്ട് പേര് വീതമാണ് ലൈസന്‍സിനായി അപേക്ഷിച്ചത് ഇരുവര്‍ക്കും എക്സൈസ് വകുപ്പ് ലൈസന്‍സ് അനുവദിക്കുകയും ചെയ്തു.
നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 2528 കള്ളുഷാപ്പുകളില്‍ 2112 എണ്ണത്തിനും സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുണ്ട്. എന്നാല്‍ 416 കള്ളുഷാപ്പുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയില്ല.
സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രകാരം 2014 മാര്‍ച്ച് 31-ന് പ്രവര്‍ത്തിച്ചിരുന്ന, യുഡിഎഫ് സര്‍ക്കാരിന്റെ അബ്കാരി നയം കാരണം ബാര്‍പദവി നഷ്ടപ്പെട്ട ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ബാറുടമകള്‍ക്കാണ് ഇപ്പോള്‍ ലൈസന്‍സിനായി അപേക്ഷിക്കാന്‍ സാധിക്കുക. സുപ്രീംകോടതി വിധിയും എക്സൈസ് നിയമങ്ങള്‍ക്കും പാലിക്കുന്നവരെയായിരിക്കും ലൈസന്‍സ് നല്‍കുന്നതിനായി പരിഗണിക്കുക. 28 ലക്ഷം രൂപയാണ് ലൈസന്‍സ് ഫീ.
ഏറ്റവും ഒടുവില്‍ ലഭിച്ച കണക്കുകള്‍ പ്രകാരം ലൈസന്‍സ് ലഭിച്ച ബാറുകളുടെ എണ്ണവും അപേക്ഷ നല്കി കാത്തിരിക്കുന്നവരുടെ എണ്ണവും താഴെ.
ആലപ്പുഴ- അപേക്ഷിച്ചവര്‍ 1 (കാത്തിരിക്കുന്നവരുടെ എണ്ണം 1)
എറണാകുളം – 12 (4)
കണ്ണൂര്‍- 8 (1)
കൊല്ലം- 2 (0)
കോട്ടയം- 6 (2)
കോഴിക്കോട്- 3 (3)
മലപ്പുറം- 4 (4)
പാലക്കാട്- 4 (2)
തിരുവനന്തപുരം- 12 (4)
തൃശൂര്‍- 7 (2)
വയനാട്- 2 (0)