രാജസ്ഥാൻ റോയൽസ് രണ്ടാം ക്വാളിഫയർ കളിക്കാൻ യോഗ്യത നേടി
അഹമ്മദാബാദ്: ഐ.പി.എൽ പ്ലേഓഫിലെ എലിമിനേറ്റർ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ പരാജയപ്പെടുത്തിയ രാജസ്ഥാൻ റോയൽസ് രണ്ടാം ക്വാളിഫയർ കളിക്കാൻ യോഗ്യത നേടി.
ആദ്യ ക്വാളിഫയറിൽ പരാജയപ്പെട്ട സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ നേരിടേണ്ടത്. ആദ്യ ക്വാളിഫയർ ജയിച്ച കോൽക്കത്ത നൈറ്റ് റൈഡേഴ്സ് നേരത്തെ ഫൈനലിൽ കടന്നിരുന്നു.
എലിമിനേറ്ററിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തത്. പ്ലാനുകൾ കൃത്യമായി നടപ്പാക്കിയ രാജസ്ഥാൻ ബൗളർമാർ ആർസിബിയെ 20 ഓവറിൽ 172/8 എന്ന നിലയിൽ ഒതുക്കി നിർത്തി. രാജസ്ഥാൻ 19 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
ഉജ്വലമായി പന്തെറിഞ്ഞ ട്രെന്റ് ബൗൾട്ടാണ് ആർസിബിക്ക് പതിവുള്ള വെടിക്കെട്ട് തുടക്കം നിഷേധിച്ചത്. 14 പന്തിൽ 17 റൺസ് മാത്രം നേടിയ ആർ.സി.ബി ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിയുടെ വിക്കറ്റും ബൗൾട്ട് സ്വന്തമാക്കി.
ആദ്യ സ്പെല്ലിലെ മൂന്നോവറിൽ ആറു റൺസ് മാത്രമാണ് കിവി പേസർ വഴങ്ങിയത്. 24 പന്തിൽ 33 റൺസെടുത്ത വിരാട് കോലിക്കും കത്തിക്കയറാൻ അവസരം ലഭിച്ചില്ല.
കാമറൂൺ ഗ്രീൻ(21പന്തിൽ 27), രജത് പാട്ടീദാർ(22 പന്തിൽ 34) എന്നിവരും അപകടകാരികളാകും മുമ്പേ രാജസ്ഥാൻ പറഞ്ഞയച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ ഗ്ലെൻ മാക്സ്വെലിനെ ആർ അശ്വിൻ പുറത്താക്കിയതോടെ ആർ.സി.ബി പരുങ്ങലിലായി.
17 പന്തിൽ 32 റൺസെടുത്ത മഹിപാൽ ലോംറോർ ആണ് പൊരുതാവുന്ന സ്കോറിലെങ്കിലും ആർസിബിയെ എത്തിച്ചത്. രാജസ്ഥാനു വേണ്ടി ആവേശ് ഖാൻ 44 റൺസ് വഴങ്ങിയെങ്കിലും മൂന്ന് വിക്കറ്റ് വീഴ്ത്തി.
അശ്വിൻ നാലോവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റും സ്വന്തമാക്കി. 43 റൺസ് വഴങ്ങിയ ചഹലിനാണ് കോലിയുടെ വിക്കറ്റ്. ബൗൾട്ടിന്റെ അവസാന ഓവറിൽ 10 റൺസ് വന്നപ്പോൾ നാലോവറിൽ 16 റൺസിന് ഒരു വിക്കറ്റ് എന്നതായി ബൗളിങ് അനാലിസിസ്.
രാജസ്ഥാൻ ഓപ്പണർമാരായ യശസ്വി ജയ്സ്വാളും ടോം കോലർ കാഡ്മോറും മറുപടി ബാറ്റിങ്ങിൽ കരുതലോടെയാണ് തുടങ്ങിയത്. ആദ്യ രണ്ടോവറിൽ വന്നത് ആറു റൺസ് മാത്രം.
എന്നാൽ, മൂന്നാം ഓവറിൽ യാഷ് ദയാലിനെ 16 റൺസിനു ശിക്ഷിച്ചുകൊണ്ട് ജയ്സ്വാളും കാഡ്മോറും ഗിയർ മാറ്റി. 15 പന്തിൽ 20 റൺസെടുത്ത കാഡ്മോറിനെ ലോക്കി ഫെർഗൂസൻ ക്ലീൻ ബൗൾ ചെയ്യുമ്പോൾ രാജസ്ഥാന്റെ സ്കോർ 5.3 ഓവറിൽ 46 റൺസിലെത്തിയിരുന്നു.
വൺഡൗണായെത്തിയ ക്യാപ്റ്റൻ സഞ്ജു നേരിട്ട മൂന്നാം പന്തിൽ തന്നെ സിക്സർ പറത്തിക്കൊണ്ട് നയം വ്യക്തമാക്കി.
30 പന്തിൽ 45 റൺസെടുത്ത ജയ്സ്വാൾ കാമറൂൺ ഗ്രീനിനെ സ്കൂപ്പ് ചെയ്യാനുള്ള ശ്രമത്തിൽ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിനു ക്യാച്ച് നൽകി പുറത്താകുമ്പോൾ സ്കോർ 9.3 ഓവറിൽ 92 റൺസ്.
പിന്നാലെ, കരൺ ശർമയ്ക്കെതിരേ സ്റ്റെപ്പൗട്ട് ചെയ്ത സഞ്ജുവിനെ(13 പന്തിൽ 17) കാർത്തിക്ക് സ്റ്റമ്പ് ചെയ്തതോടെ ആർആർ ക്യാംപിൽ ആശങ്കയായി. അഞ്ചാം നമ്പറിൽ കളിച്ച ധ്രുവ് ജുറലിന്റെ(8 പന്തിൽ 8) റണ്ണൗട്ട് ആർസിബിയുടെ പ്രതീക്ഷ വർധിപ്പിച്ചു.
എന്നാൽ, അപ്പോഴും റിയാൻ പരാഗ് ഒരറ്റത്ത് ഉറച്ചു നിൽക്കുന്നുണ്ടായിരുന്നു. ഇംപാക്റ്റ് സബ് ആയി ഷിമ്രോൺ ഹെറ്റ്മെയർ എത്തിയതോടെ പരാഗിനു പറ്റിയ പങ്കാളിയെ കിട്ടി.
ഇവരുടെ കൂട്ടുകെട്ടിനു മുന്നിൽ ആർ.സി.ബിയുടെ കൈയിൽ നിന്ന് കളി വഴുതി. ജയിക്കാൻ 16 പന്തിൽ 16 റൺസ് കൂടി വേണ്ടപ്പോൾ പരാഗിനെ മുഹമ്മദ് സിറാജ് ക്ലീൻ ബൗൾ ചെയ്തു.
അതേ ഓവറിൽ ഹെറ്റ്മെയറും(14 പന്തിൽ 26) പുറത്തായതോടെ ആർ.സി.ബി വീണ്ടും അദ്ഭുതം പ്രവർത്തിക്കുന്ന പ്രതീതി. പക്ഷേ, അപ്പോഴേക്കും വൈകിപ്പോയിരുന്നു.
അടുത്ത ഓവറിൽ രണ്ടു ഫോറും ഒരു സിക്സുമായി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ റോവ്മാൻ പവൽ കളി അനായാസം ഫിനിഷ് ചെയ്തു.
ഐ.പി.എൽ ലീഗ് ഘട്ടം പകുതിയെത്തിയപ്പോൾ പോയിന്റ് പട്ടികയിൽ അവസാനക്കാരായിരുന്ന ആർ.സി.ബി, തുടരെ ആറു മത്സരം ജയിച്ചാണ് അവിശ്വസനീയ തിരിച്ചുവരവിലൂടെ പ്ലേഓഫിനു യോഗ്യത നേടിയത്.
ആദ്യ ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉറച്ചു നിന്ന രാജസ്ഥാൻ അവസാന നാലു മത്സരങ്ങൾ തോറ്റ് മൂന്നാം സ്ഥാനത്തേക്കും വീണിരുന്നു.