തിരുവല്ലയിൽ കാണാതായ പതിനഞ്ചുകാരനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍
തിരുവല്ല: ചുമത്രയില്‍ നിന്നു രണ്ടാഴ്ച മുമ്പ് കാണാതായ പതിനഞ്ചുകാരനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി വീട്ടുകാര്‍.
എസ്.എസ്.എല്‍.സി ഫലം അറിയുന്നതിന്റെ തലേ ദിവസമായ കഴിഞ്ഞ ഏഴിന് ഉച്ചയ്ക്ക് ഒന്നോടെയാണ് ചുമത്ര പന്നിത്തടത്തില്‍ ഷ്വാൻ ജെയിംസ്(ലല്ലു -15) വീടു വിട്ട് ഇറങ്ങിയത്.
ഞാന്‍ പോവുകയാണെന്നും എന്നെ ആരും അന്വേഷിക്കരുതെന്നും കത്തെഴുതി വച്ച ശേഷമാണ് ലല്ലു വീടു വിട്ടതെന്ന് പറയുന്നു. തിരുവല്ല നഗരസഭയിലെ മുന്‍ കൗണ്‍സിലറായ മുത്തശി കെ.കെ സാറാമ്മയ്ക്ക് ഒപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്.
കുട്ടിയുടെ രണ്ടാം വയസില്‍ മാതാവ് മരിച്ചു. പിതാവ് ജെയിംസ് ജോലി സംബന്ധമായി തിരുവനന്തപുരത്താണ് താമസം. കുട്ടിയെ കാണാതായ ദിവസം തന്നെ പരാതി നല്‍കിയെങ്കിലും നാലാം ദിവസമാണ് പ്രദേശത്തെ സി.സി.റ്റി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചതെന്നും സാറാമ്മ പറയുന്നു.
അതില്‍ നിന്നും കുട്ടി രണ്ടു കിലോമീറ്ററോളം നടന്ന് മല്ലപ്പള്ളി - തിരുവല്ല റോഡില്‍ എത്തി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തിയതായ സി.സി.റ്റി.വി ദൃശ്യങ്ങള്‍ ലഭിച്ചു.
തുടര്‍ന്ന് ഡി.വൈ.എസ്.പി എസ് അഷാദിന്റെ നിർദേശ പ്രകാരം സി.ഐ ബി.കെ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ കുട്ടി ഇറങ്ങിയതായ ദൃശ്യങ്ങളും ലഭിച്ചു.
ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും കുട്ടി ചെന്നൈ മെയിലില്‍ കയറിയതായ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
എന്നാല്‍, കുട്ടി പിന്നീട് എവിടേക്ക് പോയി എന്നത് സംബന്ധിച്ച് വ്യക്തതയില്ല. എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറവായതിന് മുത്തശിയായ സാറാമ്മ കുട്ടിയെ ശകാരിച്ചിരുന്നു.
പ്രധാന പരീക്ഷയ്ക്ക് മാര്‍ക്ക് കുറയുമെന്ന ഭയമായിരിക്കാം കുട്ടി വീടുവിട്ടു പോകാന്‍ കാരണം എന്നാണ് വീട്ടുകാര്‍ പറയുന്നത്. അതേസമയം ഫലം വന്നപ്പോള്‍ ലല്ലുവിന് ഒമ്പത് എ പ്ലസും ഒരു എ ഗ്രേഡും ലഭിച്ചിരുന്നു.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും സി.സി.റ്റി.വി കാമറകള്‍ ഒഴിവാക്കി സഞ്ചരിക്കുന്നതും കുട്ടിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് ഡി.വൈ.എസ്.പി എസ് അഷാദ് പറഞ്ഞു.