8 വർഷത്തിന് ശേഷം ആയിരം ബസുകൾ ഒരുമിച്ചു വാങ്ങാൻ ഒരുങ്ങി കെ.എസ്.ആർ.റ്റി.സി
ചാത്തന്നൂർ: കെ.എസ്.ആർ.റ്റി.സിക്കായി ആയിരം ബസുകൾ വാങ്ങാൻ ശ്രമം തുടങ്ങി. ഇതിനു വായ്പ കിട്ടുന്നതിനായി സി.എം.ഡി പ്രമോജ് ശങ്കർ എസ്ബിഐയുമായി പ്രാഥമിക ചർച്ചകൾ നടത്തി.
കെ.എസ്.ആർ.റ്റി.സിയുടെ സിബിൽ സ്കോർ ഏറ്റവും താഴേത്തട്ടായ ഡി ഗ്രേഡിലായിരുന്നത് ഇപ്പോൾ സി ആയതോടെയാണ് വായ്പയെടുത്ത് ബസ് വാങ്ങാൻ നീക്കം തുടങ്ങിയത്.
എട്ടു വർഷത്തിനു ശേഷമാണ് ഇത്രയധികം ബസുകൾ ഒരുമിച്ചു വാങ്ങുന്നത്. സെറ്റിൽമെന്റിനു ശേഷം ബാങ്ക് കൺസോർഷ്യത്തിന് 3,100 കോടിയായിരുന്നു കെ.എസ്.ആർ.റ്റി.സിയുടെ കടം.
ഇത് മാസം തോറും 30 കോടി വീതം അടച്ചു കൊണ്ടിരിക്കുകയാണ്. ഇതിനകം 1,000 കോടി അടച്ചു കഴിഞ്ഞു. ഇതിൽ 800 കോടി പലിശയും 200 കോടി കടത്തിലും അഡ്ജസ്റ്റ് ചെയ്ത് ഇപ്പോൾ കടം 2900 കോടിയായി.
തിരിച്ചടവ് കൃത്യമായതോടെയാണ് ഡി ഗ്രേഡിൽനിന്നു സി ഗ്രേഡിലേക്ക് ഉയർത്തപ്പെട്ടത്. വായ്പ ലഭിക്കുന്നതിന് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കണം.
2022 - 2023 വർഷത്തെ ഓഡിറ്റ് തയാറാക്കി എജിക്ക് സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ്. വായ്പ ലഭിക്കുന്നതിനു വേണ്ടി കെ.എസ്.ആർ.റ്റി.സിയുടെ ആസ്തികൾ പണയമായി നല്കാനും തയാറായിട്ടുണ്ട്.
ഇതിനും പുറമേ സംസ്ഥാന സർക്കാരിന്റെ ഗാരന്റിയും എസ്.ബി.ഐക്കു നല്കേണ്ടി വരും. 2016നു ശേഷം കെ.എസ്.ആർ.റ്റി.സി പുതിയ ബസുകൾ വാങ്ങിയിട്ടില്ല.
ആകെ ഒരു പുതിയ ബസ് കിട്ടിയത് നവകേരള ബസാണ്. 2016ൽ ഉണ്ടായിരുന്ന 6,400 ബസ് ഇപ്പോൾ 5,300 ആയി ചുരുങ്ങി. കാലപ്പഴക്കം ചെന്ന ബസുകൾ കണ്ടം ചെയ്തതോടെയാണു ബസുകളുടെ എണ്ണം കുറഞ്ഞത്.
നിലവിലുള്ള ബസുകൾ ഭൂരിഭാഗവും കാലപ്പഴക്കം ചെന്നതും നിരത്തിലിറക്കാൻ നിവൃത്തിയില്ലാത്തതുമാണ്. തട്ടിയും മുട്ടിയും ദിവസേന 4300 സർവീസുകൾ വരെയാണ് ഇപ്പോൾ നടത്തുന്നത്.
എങ്കിലും ദിവസ വരുമാനം ഒമ്പതു കോടിക്കു മുകളിലാണ്. എന്നാൽ, പുതുതായി രൂപവൽകരിച്ച കെ സ്വിഫ്റ്റെന്ന കമ്പനിക്ക് പ്ലാൻ ഫണ്ട് ഉപയോഗിച്ചും നബാർഡിന്റെ വായ്പ മുഖേനയും പുതിയ ബസുകൾ വാങ്ങി.
കെ സ്വിഫ്റ്റിന്റെ ബസുകൾ കരാർ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയുടെ റൂട്ടുകളിൽ ഓടുകയാണ്. കിലോമീറ്റർ അടിസ്ഥാനത്തിൽ വാടകയായി 10 കോടിയോളം രൂപയാണ് മാസം തോറും കെ സ്വിഫ്റ്റിനു നൽകേണ്ടി വരുന്നത്.
എന്നാൽ ഇപ്പോൾ മാസം തോറും മൂന്നു കോടി വീതം കെ സ്വിഫ്റ്റിനു കൊടുത്തിട്ട് ബാക്കി കടം പറയുകയാണ്. മന്ത്രി കെ.ബി ഗണേഷ്കുമാറിന്റെ നിർദേശ പ്രകാരമാണ് കെ.എസ്.ആർ.റ്റി.സി സ്വന്തം നിലയിൽ വായ്പയെടുത്ത് ബസ് വാങ്ങാൻ ശ്രമം ആരംഭിച്ചത്.
ദീർഘദൂര സർവീസുകൾ നടത്തുന്നതിന് 40 സീറ്റുകളുള്ള ആഡംബര ബസുകൾ വാങ്ങാനാണു നീക്കം. 30 ലക്ഷത്തോളം രൂപയാണ് ഓരോ ബസിനും കെ.എസ്.ആർ.റ്റി.സി വില കണക്കാക്കുന്നത്.
വായ്പ ലഭിക്കുന്ന മുറയ്ക്ക് ബസുകൾ വാങ്ങും. കെ.എസ്.ആർ.റ്റി.സിയുടെ പഴഞ്ചൻ ബസുകൾ മാറ്റാനും കരാർ അടിസ്ഥാനത്തിൽ കെ സ്വിഫ്റ്റിന്റെ ബസുകൾ ഓടിക്കുന്നത് അവസാനിപ്പിക്കാനും പുതിയ ബസുകൾ വാങ്ങുന്നതോടെ കഴിയും.