അവിശ്വാസ പ്രമേയം വന്നാല്‍ ഹരിയാനയിൽ ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി
ചണ്ഡീഗഢ്: ഹരിയാനയിൽ ബി.ജെ.പി സർക്കാരിനെതിരെ പ്രമേയം കൊണ്ടുവരികയാണെങ്കിൽ പിന്തുണക്കുമെന്ന് മുന്‍ സഖ്യ കക്ഷിയായിരുന്ന ജെ.ജെ.പി(ജന്നായക് ജനതാ പാര്‍ട്ടി).
പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വന്നാൽ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല പറഞ്ഞു.
സര്‍ക്കാരിനെ പിന്തുണച്ചിരുന്ന ഏഴ് സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നു പേര് പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ്ങ് സൈനി സർക്കാരിന്റെ നിലനിൽപ്പ് തുലാസിലായിരുന്നു.
ഇതിന് പിന്നാലെയാണ് ജെ.ജെ.പിയും ബി.ജെ.പിയ്ക്കെതിരെ രംഗത്തെത്തിയത്. 90 അംഗ നിയമസഭയിൽ നിലവിൽ 88 അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് 40 എം.എല്‍.എമാരുണ്ടായിരുന്നു.
പത്തു സീറ്റുള്ള ജെ.ജെ.പിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത്. ലോക്സഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ജെ.ജെ.പി ഭരണ സഖ്യം വിട്ടു.
ജെ.ജെ.പി ഇടഞ്ഞതോടെ മാർച്ചിൽ മനോഹർലാൽ ഖട്ടർ മുഖ്യമന്ത്രി പദവിയും കർണാൽ എം.എൽ.എ സ്ഥാനവും രാജിവച്ചിരുന്നു. ഇതോടെ ബി.ജെ.പി എം.എല്‍.എമാരുടെ എണ്ണം 39 ആയി.
മൂന്ന് സ്വതന്ത്രരും കൂടി പിന്മാറിയതോടെ ബി.ജെ.പിയുടേത് ന്യൂനപക്ഷ സര്‍ക്കാരായി. കർണാലിൽ നിന്ന് ഉപതെരഞ്ഞെടുപ്പ് നേരിടാൻ പുതിയ മുഖ്യമന്ത്രി നായബ് സിങ്ങ് സൈനി തയ്യാറെടുക്കവെയാണ് തിരിച്ചടി.
ജെ.ജെ.പി ഹരിയാനയിലെ 10 ലോക്സഭാ സീറ്റിലും കർണാൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ആറാം ഘട്ടത്തില്‍ ഒറ്റ തവണയായി മെയ് 25നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്.