80 സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ: കാബിൻ ക്രൂ അംഗങ്ങൾ കൂട്ടത്തോടെ സിക്ക് ലീവിൽ
ന്യൂഡൽഹി: സീനിയർ കാബിൻ ക്രൂ അംഗങ്ങൾ കൂട്ടത്തോടെ മെഡിക്കൽ ലീവ് എടുത്തതിനെ തുടർന്ന് രാജ്യമൊട്ടാകെ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയ വിമാന സർവീസുകളുടെ എണ്ണം 80ലേറെ. ആഭ്യന്തര സർവീസുകൾ അടക്കമാണിത്.
മുന്നറിയിപ്പ് ഇല്ലാതെ സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞു. കാബിൻ ക്രൂ അംഗങ്ങളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചതായി എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
യാത്ര പുറപ്പെടുന്നതിന് തൊട്ടു മുമ്പാണ് സീനിയർ കാബിൻ ക്രൂ അംഗങ്ങൾ മെഡിക്കൽ ലീവ് എടുക്കാൻ ആരംഭിച്ചത്.
ഇന്നലെ രാത്രി മുതലാണ് മിന്നൽ പണിമുടക്കിന് സമാനമായി കാബിൻ ക്രൂ അംഗങ്ങൾ മെഡിക്കൽ ലീവ് എടുക്കാൻ തുടങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ.
200ലേറെ ജീവനക്കാരാണ് കൂട്ടത്തോടെ മെഡിക്കൽ ലീവ് എടുത്തത്. സീനിയർ ക്യാബിൻ ക്രൂ അംഗങ്ങൾ ഇല്ലെങ്കിൽ സർവീസ് നടത്താൻ പാടില്ല എന്നാണ് ചട്ടം. ചില വിഭാഗം ജീവനക്കാരോടുള്ള അവഗണനയാണ് ഇത്തരം പണിമുടക്കിന് ഇടയാക്കിയതെന്ന് പറയുന്നു.
മുന്നറിയിപ്പ് ഇല്ലാതെ സീനിയർ ക്യാബിൻ ക്രൂ അംഗങ്ങൾ ലീവ് എടുത്തതോടെ യാത്ര നടത്താൻ കഴിയാതെ വന്നതെന്നും കൂട്ടത്തോടെ വിമാന സർവീസുകൾ റദ്ദാക്കിയതെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
കൂട്ടത്തോടെ മെഡിക്കൽ ലീവ് എടുക്കാനുള്ള കാരണം കണ്ടെത്താൻ ജീവനക്കാരുമായി ചർച്ച നടത്തി വരികയാണെന്നും പ്രശ്നം പരിഹരിക്കാൻ ഊർജ്ജിതമായ ശ്രമം നടന്നുവരുന്നതായും അറിയിച്ചു.
വിമാനങ്ങൾ റദ്ദാക്കിയതുമൂലം യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക മുഴുവൻ തിരികെ നൽകുകയോ ബദൽ യാത്രാ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.