കെ.സി വേണുഗോപാലിന് മൊത്തം കാര്യം നോക്കിയാൽ മതി, എനിക്ക് 20 മണ്ഡലങ്ങളിലെ നോക്കണം: കെ സുധാകരൻ
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് താൽക്കാലികമായി മാറ്റി നിർത്തിയ സംഭവത്തിൽ കുഴപ്പിക്കുന്ന മറുപടികളുമായി കെ സുധാകരൻ.
സ്ഥാനാർഥിയായതു കൊണ്ടാണ് പകരം ചുമതല എം.എം ഹസന് കൊടുത്തതെന്ന് പറഞ്ഞ സുധാകരൻ, എന്നാൽ കെ.സി വേണുഗോപാലിന്റെ കാര്യത്തിൽ എന്തുകൊണ്ട് അങ്ങനെ ഉണ്ടായില്ലെന്ന ചോദ്യത്തിന് മുന്നിൽ കുടുങ്ങി. പ്രസിഡന്റ് സ്ഥാനം വീണ്ടും ഏറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.
കെ.സി വേണുഗോപാലിന് രാജ്യത്തെ മൊത്തം കാര്യം നോക്കിയാൽ മതി, എന്നാൽ തനിക്ക് കേരളത്തിലെ 20 മണ്ഡലങ്ങളിലെയും കാര്യം നോക്കണമെന്നാണ് സുധാകരന്റെ വിചിത്ര മറുപടി.
രാജ്യത്തെ മുഴുവൻ കാര്യങ്ങളും നോക്കുന്നതിനേക്കാൾ ചെറുതല്ലേ കേരളത്തിലേതെന്ന ചോദ്യത്തിന് തനിക്ക് അത് വലിയ ഭാരമാണെന്നും ആയിരുന്നു മറുപടി.
ഹസന്റെ അസാന്നിധ്യം എന്തുകൊണ്ടെന്ന ചോദ്യത്തിന് അദ്ദേഹത്തിന് സാന്നിധ്യം ആവശ്യമില്ലെന്ന് തോന്നിയിട്ടുണ്ടാകും, അതാകും വരാത്തത് എന്നായിരുന്നു മറുപടി.
ഹസൻ സ്ഥാനം ഒഴിയാഞ്ഞതിനെപ്പറ്റി ചോദിച്ചപ്പോൾ അതൊക്കെ വ്യക്തികളെ ആശ്രയിച്ചിരിക്കുമെന്നും സുധാകരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് നടപടികൾ തീരുംവരെയാണ് ഹസന് ചുമതലയെന്നായിരുന്നു നിയമന ഉത്തരവിൽ.
തെരഞ്ഞെടുപ്പ് നടപടികളെന്നാൽ വോട്ടെണ്ണൽ കഴിയുംവരെയെന്ന വ്യാഖ്യാനത്തിൽ ഹസൻ ചുമതലയിൽ തുടരുകയായിരുന്നു.
ഇത് വലിയ വിവാദങ്ങൾക്ക് ഇടയായി. പിന്നീട് കെ സുധാകരന്റെ സമ്മർദത്തിനു മുന്നിൽ ഹൈക്കമാൻഡ് വഴങ്ങുകയായിരുന്നു.