കള്ളക്കടൽ പ്രതിഭാസം; മുന്നറിയിപ്പ് ലംഘിച്ച് കന്യാകുമാരി കടലിൽ ഇറങ്ങിയ മെഡിക്കൽ വിദ്യാർഥികളിൽ അഞ്ചു പേർ തിരയിൽപ്പെട്ട് മരിച്ചു
കന്യാകുമാരി: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് അധികൃതരുടെ മുന്നറിയിപ്പു നിർദേശം പാലിക്കാതെ വിനോദ സഞ്ചാരികൾ.
കടലാക്രമണം രൂക്ഷമായിരിക്കെ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും കടൽതീരത്ത് കിടന്ന് ഉറങ്ങരുതെന്നും രണ്ടു ദിവസം മുമ്പേ അധികൃതർ നിർദേശിച്ചിരുന്നു.
കേരളത്തിനു പുറമെ തമിഴ്നാട് സർക്കാരും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, നിർദേശം ലംഘിച്ച് കടലിൽ ഇറങ്ങിയതാണ് മെഡിക്കൽ വിദ്യാർത്ഥി സംഘത്തിലെ അഞ്ചു പേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണം.
കന്യാകുമാരി ബീച്ച് സന്ദർശിച്ച ശേഷം വിദ്യാർത്ഥി സംഘം ലെമൂർ ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോൾ ശക്തമായ തിരമാലകൾ ഉണ്ടായിരുന്നു. ബീച്ചിലുണ്ടായിരുന്ന ലൈഫ്ഗാർഡ് കടലിൽ ഇറങ്ങുന്നതിൽ നിന്ന് വിദ്യാർത്ഥികളെ വിലക്കിയതായി പറയുന്നു.
എന്നാൽ, കടലിലിറങ്ങിയ എട്ടു വിദ്യാർത്ഥികൾ അതിശക്തമായ തിരമാലയിൽപ്പെടുക ആയിരുന്നു. ബീച്ചിലുണ്ടായിരുന്നവർ ഓടിയെത്തി മൂന്നു പേരെ രക്ഷപ്പെടുത്തിയെങ്കിലും അഞ്ചു പേരെ കാണാതാകുക ആയിരുന്നു.
തുടർന്ന് മത്സ്യ തൊഴിലാളികളും പോലീസുമെത്തി നടത്തിയ തെരച്ചിലിലാണ് അഞ്ചുപേരുടെയും മൃതദേഹം കണ്ടെത്തിയത്. കടൽക്ഷോഭ മുന്നറിയിപ്പിനെ തുടർന്ന് ലെമൂർ ബീച്ച് അടച്ചിട്ടിരിക്കുക ആയിരുന്നു.
എന്നാൽ, തെങ്ങിൻ തോപ്പിലൂടെ വിദ്യാർത്ഥി സംഘം ബീച്ചിൽ എത്തുക ആയിരുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും കന്യാകുമാരി ജില്ലാ പോലീസ് സൂപ്രണ്ട് ഇ സുന്ദരവതനം അറിയിച്ചു.