കടുത്ത ചൂട്, 12 ജില്ലകളില്‍ യെലോ അലര്‍ട്ട്: മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ കടുത്ത ചൂട് തുടരും.
ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38°C വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ഉയര്‍ന്ന രാത്രി താപനില തുടരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ മഴയെത്തുമെന്നും പ്രവചനമുണ്ട്. തിങ്കളാഴ്ച ആലപ്പുഴ, തൃശൂർ, കാസർകോട് എന്നീ ജില്ലകളൊഴികെ മഴയ്ക്ക് സാധ്യതയുണ്ട്.
ചൊവ്വാഴ്ച കാസർഗോഡ് ഒഴികെ എല്ലായിടത്തും തുടർന്നുള്ള മൂന്ന് ദിവസം സംസ്ഥാനത്താകെയും മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ജാഗ്രതയുടെ ഭാഗമായി വ്യാഴാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വരെ പരക്കെ മഴയും കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നുണ്ട്.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.