കാട്ടിലും ഉയർന്ന ചൂട്: 36 ഡിഗ്രിക്കു മുകളിൽ താപനില
കോട്ടയം: നാട്ടില്‍ മാത്രമല്ല കാട്ടിലും കൊടുംചൂടാണ്. പൊന്തന്‍പുഴ, കോരുത്തോട്, മടുത്ത, പമ്പാവാലി പ്രദേശങ്ങളിലെ വനമേഖലയില്‍ നഗരങ്ങളിലെ തോതില്‍തന്നെയാണ് ചൂട്. വനാന്തരങ്ങളിലെ താപനില 36 ഡിഗ്രിക്കു മുകളിലാണ്.
ചൂട് കൂടിയതോടെ മതമ്പ, കോരുത്തോട്, പെരുവന്താനം പ്രദേശങ്ങളില്‍ നിന്ന് വന്യമൃഗങ്ങള്‍ കുളിര്‍മ തേടി പീരുമേട്, കുട്ടിക്കാനം വനമേഖലയിലേക്ക് കടന്നതായി വനപാലകര്‍ പറഞ്ഞു. വളഞ്ഞാങ്ങാനം, പീരുമേട് പ്രദേശങ്ങളില്‍ കാട്ടാന, കടുവ, കരടി എന്നിവയെ അടുത്തയിടെ രാത്രി യാത്രക്കാര്‍ കണ്ടിരുന്നു.
വനാന്തരങ്ങളില്‍ മൃഗങ്ങള്‍ക്ക് കുടിവെള്ളത്തിന് ക്ഷാമമില്ലെന്ന് വനപാലകര്‍ പറഞ്ഞു. ചെക്ക്ഡാമുകളിലും കുളങ്ങളിലും പുഴകളിലും വെള്ളം ലഭ്യമാണ്.
എന്നാല്‍ തീറ്റയ്ക്ക് കടുത്ത ക്ഷാമമുണ്ട്. മഞ്ഞക്കൊന്ന, കാട്ടുപടല് എന്നിവയുടെ വ്യാപനമാണ് വനങ്ങള്‍ക്ക് വിപത്തായിരിക്കുന്നത്. പുല്ല്, മുള എന്നിവയുടെ ക്ഷാമം വേനലില്‍ രൂക്ഷമാണ്.
അതിവേഗത്തില്‍ പടരുന്ന മഞ്ഞക്കൊന്ന നിര്‍മാര്‍ജനം ചെയ്യാനുള്ള പദ്ധതി വനം വകുപ്പ് ആവിഷ്കരിച്ചിട്ടുണ്ട്. കോരുത്തോട്, അഴുത പ്രദേശങ്ങളില്‍ കാട്ടാനകള്‍ പമ്പ ഉള്‍വനത്തിലേക്ക് നീങ്ങി.
നിലവിലെ ചൂട് പക്ഷികളുടെ നാശത്തിന് കാരണമാകുന്നുണ്ട്. എല്ലായിനം പക്ഷികളുടെയും കാട്ടുകോഴിയുടെയും മുട്ടകള്‍ നശിക്കുന്നതും കുഞ്ഞുങ്ങള്‍ ചാവുന്നതും പതിവായിരിക്കുന്നു. കുരങ്ങുകള്‍ ചിലയിടങ്ങളില്‍ ചാവുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു.