ജെസ്ന തിരോധാനം: പിതാവ് മുദ്രവച്ച കവറിൽ രേഖകൾ ഹാജരാക്കി
തിരുവനന്തപുരം: പത്തനംതിട്ട സ്വദേശിനി ജെസ്നയെ കാണാതായതുമായി ബന്ധപ്പെട്ട കേസിൽ പിതാവ് ജയിംസ് ജോസഫ് മുദ്രവച്ച കവറിൽ രേഖകൾ ഹാജരാക്കി.
ഫോട്ടോകൾ അടങ്ങിയ രേഖകൾ പെൻ ഡ്രൈവിലാണ് ഹാജരാക്കിയത്. ഈ രേഖകൾ സി.ബി.ഐയുടെ കേസ് ഡയറിയിൽ ഉള്ളതാണോയെന്ന് ഒത്തുനോക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥൻ ഇന്നു കോടതിയിൽ ഹാജരാകും.
പുതിയ തെളിവുകൾ കണ്ടെത്തിയാൽ തുടരന്വേഷണത്തിന് ഉത്തരവിടാമെന്നു കോടതി സമ്മതിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
അജ്ഞാത സുഹൃത്തിനെക്കുറിച്ചു വിവരം നൽകിയിട്ടും ആ ദിശയിൽ അന്വേഷണം വ്യാപിപ്പിക്കാൻ സി.ബി.ഐ തയാറായില്ലെന്ന് ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് ആരോപിച്ചിരുന്നു.
എന്നാൽ കൃത്യമായ അന്വേഷണമാണു നടത്തിയതെന്നും കൂടുതലായി തെളിവുകൾ നൽകിയാൽ തുടരന്വേഷണം നടത്താൻ തയാറാണെന്നും സി.ബി.ഐ നിലപാടു സ്വീകരിച്ചു. ഇതേത്തുടർന്നാണ് രേഖകൾ ഉണ്ടെങ്കിൽ ഹാജരാക്കാൻ കോടതി നിർദേശിച്ചത്.
സി.ബി.ഐ സംഘം ശരിയായ ദിശയിൽ കാര്യങ്ങൾ അന്വേഷിക്കുമെങ്കിൽ ജെസ്നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ചിരുന്ന അജ്ഞാത സുഹൃത്തിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ നൽകാൻ തയാറാണെന്ന് ജയിംസ് ജോസഫ് അറിയിച്ചിരുന്നു.
അന്വേഷണത്തിലെ ചെറിയ വീഴ്ച പോലും വലിയ പിശകിൽ കലാശിച്ചേക്കാം. സി.ബി.ഐ സംഘം തന്റെ പിറകിലുണ്ടെന്നു ബോധ്യമായാൽ അജ്ഞാത സുഹൃത്ത് തെളിവുകൾ നശിപ്പിക്കുമെന്നു ഭയക്കുന്നതായും ജയിംസ് ജോസഫ് വ്യക്തമാക്കിയിരുന്നു.
രഹസ്യ സ്വഭാവത്തോടെയാണ് സി.ബി.ഐ അന്വേഷണമെങ്കിൽ ആളിന്റെ ഫോട്ടോ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ നൽകാൻ തയാറാണെന്നും പിതാവ് കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ഉറപ്പു നൽകിയിരുന്നു.
ജെസ്ന രഹസ്യമായി വ്യാഴാഴ്ച പ്രാർഥനയ്ക്കു പോയിരുന്ന സ്ഥലം താൻ കണ്ടെത്തിയെന്ന് പിതാവ് അവകാശപ്പെടുന്നു. ജെസ്നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്.
ഈ ദിശയിൽ സി.ബി.ഐ അന്വേഷണം എത്തിയില്ല. സി.ബി.ഐ ആകെ സംശയിച്ചത് ജെസ്നയുടെ സഹപാഠിയെ ആണ്. അയാളെ സി.ബി.ഐ സംഘം പോളിഗ്രാഫ് ടെസ്റ്റിനു വിധേയനാക്കുകയും ചെയ്തു.
ജെസ്നയെ കാണാതായതിന്റെ തലേദിവസം ജെസ്നയ്ക്കുണ്ടായ അമിത രക്തസ്രാവത്തിന്റെ കാരണം കണ്ടെത്താൻ സി.ബി.ഐ സംഘം ശ്രമിച്ചില്ലെന്നും ജയിംസ് ജോസഫ് ചൂണ്ടിക്കാട്ടി.