രാഹുൽ ഗാന്ധി വയനാട്ടിലെ വോട്ടർമാരോട് കാണിച്ചത് നീതികേടെന്ന് ആനി രാജ
വയനാട്: കേരളത്തിനു പുറത്തു മറ്റൊരു മണ്ഡലത്തിൽ കൂടി താൻ മത്സരിക്കുന്നുണ്ടെന്ന് വയനാട്ടിലെ ജനങ്ങളെ അറിയിച്ചു കൊണ്ട് രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ തെരഞ്ഞെടുപ്പിനെ നേരിടാമായിരുന്നുവെന്ന് വയനാട്ടിലെ എതിർ സ്ഥാനാർത്ഥി ആനി രാജ.
അക്കാര്യം മറച്ചു വച്ചത് വയനാട്ടിലെ വോട്ടർമാരോട് ചെയ്ത നീതികേടും, രാഷ്ട്രീയ ധാർമികതയ്ക്ക് ചേരാത്ത പ്രവൃത്തിയുമാണെന്ന് സി.പി.ഐ നേതാവ് വിലയിരുത്തി.
പാർലമെൻററി ജനാധിപത്യത്തിൽ ഒരാൾക്ക് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കാം. അത് സ്ഥാനാർഥികളുടെ അവകാശമാണ്. എന്നാൽ, രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചാൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് രാജി വയ്ക്കേണ്ടി വരും.
ഏത് മണ്ഡലത്തിൽ നിന്ന് രാജിവച്ചാലും ആ മണ്ഡലത്തിൽ അദ്ദേഹത്തെ വിജയിപ്പിച്ച വോട്ടർമാരോടുള്ള അനീതിയാണത്. രണ്ടു മണ്ഡലത്തിൽ മത്സരിക്കുന്നത് പെട്ടെന്നെടുത്ത തീരുമാനമായിരിക്കില്ലല്ലോ.
ഇത്തരം ചർച്ചകൾ ആ പാർട്ടിക്കുള്ളിൽ ഏറെ മുൻപേ തന്നെ തുടങ്ങി കഴിഞ്ഞിട്ടുണ്ടാകും. അതുകൊണ്ടു തന്നെ തീരുമാനമെടുത്തില്ലെങ്കിൽ പോലും ഇത്തരമൊന്ന് ചർച്ചയിലുണ്ടെന്ന് പറയാനുള്ള ധാർമികമായ ബാധ്യത രാഹുൽ ഗാന്ധിക്കുണ്ടായിരുന്നുവെന്നും ആനി രാജ വിശദീകരിച്ചു.
രാഹുൽ ഗാന്ധി എപ്പോഴും പറയുന്നത് വയനാടിനോട് വൈകാരിക ബന്ധമുണ്ടെന്നാണ്. മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ലെങ്കിൽ പോലും വൈകാരിക ബന്ധമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം രണ്ടാമതും വയനാട്ടിൽ മത്സരിച്ചത്.
സന്ദർഭത്തിന് അനുസരിച്ച് മാറിക്കൊണ്ടേയിരിക്കുന്ന വൈകാരികതയാണോ അതെന്ന് കോൺഗ്രസ് പറയണമെന്നും ആനി രാജ രാഹുലിനോട് ആവശ്യപ്പെട്ടു.