റായ്ബറേലിയിൽ രാഹുൽ ഗാന്ധിയും അമേഠിയിൽ കിഷോരി ലാൽ ശർമയും മത്സരിക്കും
ന്യൂഡൽഹി: ആഴ്ചകൾ നീണ്ട സസ്പെൻസുകൾക്ക് ഒടുവിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർ പ്രദേശിലെ റായ്ബറേലിയിൽ നിന്ന് തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപനം.
സോണിയാ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമാണ് റായ്ബറേലി. കൂടാതെ ഇത്തവണ അമേഠിയിൽ കിഷോരി ലാൽ ശർമ്മ മത്സരിക്കുമെന്നും കോൺഗ്രസ് അറിയിച്ചു.
ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനാണ് കിഷോരി ലാൽ ശർമ. ഇത്തവണ മത്സരത്തിന് ഇല്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി അറിയിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം.
രണ്ടു മണ്ഡലങ്ങളിലെയും സ്ഥാനാർഥി നിർണയത്തിനായി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ചർച്ച നടത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
അമേഠിയിലെയും റായ്ബറേലിയിലും നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഇന്നാണ്. ലോക്സഭ തെരഞ്ഞെടുപ്പിൻറെ അഞ്ചാംഘട്ടമായ മേയ് 20നാണ് രണ്ടിടങ്ങളിലും വോട്ടെടുപ്പ്.
ഇന്ന് വിലുപലമായ റോഡ് ഷോയോടൊപ്പമാവും രാഹുൽ പത്രിക സമർപ്പിക്കാനെത്തുക. രാജ്യസഭ അംഗമായതിനെ തുടർന്നാണ് റായ്ബറേലിയിൽ മത്സരിക്കുന്നതിൽനിന്നും സോണിയ ഗാന്ധി പിന്മാറിയതോടെയാണ് രാഹുൽ ഗാന്ധിയിലേക്ക് എത്തിയത്.
2019ലെ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസ് വിജയിച്ച ഏക ലോക്സഭാ സീറ്റാണ് റായ്ബറേലി. അമേഠി ആവട്ടെ കോൺഗ്രെൻ്റെ പ്രധാന മണ്ഡലങ്ങളിൽ ഒന്നാണ്.
2004, 2009, 2014 എന്നീ വർഷങ്ങളിൽ രാഹുൽ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കഴിഞ്ഞ തവണ 2019ലെ തെരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിയോട് 55,000 വോട്ടിന് രാഹുൽ ഗാന്ധി പരാജയപ്പെട്ടത് കോൺഗ്രസിന് തിരിച്ചടിയായി.
1977ൽ സഞ്ജയ് ഗാന്ധിയാണ് അമേത്തിയിൽ പരാജയപ്പെട്ട മറ്റൊരു ഗാന്ധി കുടുംബാംഗം. ഗാന്ധി കുടുംബത്തിലെ ഒരാളെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ രണ്ട് ദിവസം മുമ്പ് അമേഠിയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് വയനാട്ടിലെ സിറ്റിങ്ങ് മണ്ഡലത്തിന് പുറമെ രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർഥിയാകാൻ ഒരുങ്ങുന്നത്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും, ദിനേശ് പ്രതാപ് സിങ്ങുമാണ് റായ്ബറേലി, അമേഠി തുടങ്ങിയ സീറ്റുകളിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥികൾ.