ചൂട് വർധിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് ആറ് വരെ അവധി
തിരുവനന്തപുരം: ഉഷ്ണതംരംഗ സാധ്യതയെ തുടർന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ആയുഷ് വകുപ്പിലെയും മുഴുവൻ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും മേയ് ആറ് വരെ അവധി പ്രഖ്യാപിച്ചു.
എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. അതേസമയം മെയ് ആറു വരെ സംസ്ഥാനത്തെ പ്രൊഫണൽ കോളെജുൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം നൽകിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിൻറേതാണ് തീരുമാനം.
സ്കൂൾ വിദ്യാർഥികളുടെ അവധിക്കാല ക്ലാസുകൾ 11 മണിമുതൽ മൂന്നുമണിവരെയുള്ള സമയത്ത് നടത്തരുത്. പോലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽസമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
പകൽ 11 മുതൽ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
നിർമാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, മത്സ്യ തൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.