പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
ബാംഗ്ലൂർ: ലൈംഗികാതിക്രമ കേസിൽ കർണാടക ഹസനിലെ സിറ്റിങ്ങ് എം.പിയും എൻ.ഡി.എ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്.
പീഡനക്കേസ് അന്വേഷിക്കുന്നു പ്രത്യകേ അന്വേഷണ സംഘമാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. പ്രജ്ജ്വൽ രാജ്യത്ത് പ്രവേശിച്ചാലുടൻ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന.
കർണാടക ജെ.ഡി.എസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വൽ രേവണ്ണ. പ്രജ്വൽ ഉൾപ്പെട്ട അശ്ലീല വീഡിയോകൾ പ്രചരിച്ചതോടെയാണ് കർണാടകയിൽ വിവാദം ഉയർന്നത്.
മൂവായിരത്തോളം വീഡിയോകളാണ് പുറത്തെത്തിയത്. പ്രജ്വലിനും പിതാവ് എച്ച്.ഡി രേവണ്ണയ്ക്കുമെതിരെയും അതിജീവിത ലൈംഗിക പീഡന പരാതി നൽകിയിട്ടുണ്ട്.
ഏപ്രിൽ 28ന് ഹോളനർസിപൂർ ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രജ്ജ്വലും പിതാവ് എച്ച്.ഡി രേവണ്ണയും പ്രതികളാണ്. എന്നാൽ, കേസെടുക്കുന്നതിനു മുൻപേ രാജ്യം വിട്ട പ്രജ്ജ്വൽ ഇപ്പോൾ ജർമ്മനിയിൽ ആണെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ലൈംഗിക അതിക്രമങ്ങൾ ബി.ജെ.പി നേതൃത്വത്തിന് അറിവുണ്ടായിരുന്നെന്ന് വെളിപ്പെട്ടതോടെ ബി.ജെ.പി വെട്ടിലായിരിക്കുക ആണ്.
വിവാദ അശ്ലീല വീഡിയോകളടങ്ങിയ പെൻഡ്രൈവ് ബി.ജെ.പി നേതാവ് ദേവരാജ ഗൗഡയ്ക്ക് കൈമാറിയിരുന്നെന്ന് പ്രജ്വലിന്റെ ഡ്രൈവർ കാർത്തിക് വെളിപ്പെടുത്തി.
കോൺഗ്രസ് നേതാക്കൾക്കാണ് പെൻഡ്രൈവ് കൈമാറിയതെന്ന ആരോപണം നിഷേധിച്ച കാർത്തിക്, ദേവരാജയ്ക്ക് മാത്രമാണ് തെളിവ് നൽകിയതെന്നും വ്യക്തമാക്കി.