ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന പേടിയിൽ ഇസ്രയേൽ
ടെൽ അവീവ്: ഗാസയിൽ വംശഹത്യക്ക് നേതൃത്വം നൽകിയ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, പ്രതിരോധമന്ത്രി യോവ് ഗാലന്റ്, സൈനികത്തലവൻ ഹെർസി ഹലേവി എന്നിവർക്കെതിരെ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐ.സി.സി) അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന ആശങ്കയിൽ ഇസ്രയേൽ.
ഇവർക്കെതിരായ യുദ്ധക്കുറ്റം കോടതി അന്വേഷിച്ചുവരികയാണ്. ഐസിസി ചീഫ് പ്രോസിക്യൂട്ടർ കരിം അഹമ്മദ് ഖാൻ ഉടൻ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചേക്കും.
നയതന്ത്ര ശ്രമങ്ങൾ പാളിയതോടെ, എംബസികൾക്ക് സുരക്ഷ ശക്തിപ്പെടുത്തണമെന്ന് ഇസ്രയേൽ വിദേശ മന്ത്രി ഇസ്രയേൽ കാട്ട്സ് മുന്നറിയിപ്പ് നൽകി.
കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ ഐ.സി.സി ഗാസയിലെ അൽ ഷിഫ, അൽ നാസർ ആശുപത്രി ജീവനക്കാരുടെ മൊഴിയെടുത്തെന്നാണ് വിവരം.
അതിനിടെ ഹമാസ് നേതാക്കൾക്കെതിരെയും അറസ്റ്റ് വാറന്റ് ഉണ്ടാകുമെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഐ.സി.സിക്ക് ഈ അന്വേഷണത്തിന് അധികാരമില്ലെന്നും തങ്ങൾ പിന്തുണക്കുന്നില്ലെന്നും അമേരിക്ക വ്യക്തമാക്കി.
124 സ്ഥിരാംഗങ്ങളുള്ള ഐ.സി.സിയിൽ ഇസ്രയേൽ അംഗമല്ല. എന്നാൽ പലസ്തീന് 2015 മുതൽ അംഗരാജ്യ പദവിയുണ്ട്. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചാൽ യൂറോപ്പും ജപ്പാനും ഓസ്ട്രേലിയയും ഉൾപ്പെടെ 124 രാജ്യങ്ങളിൽ സഞ്ചരിക്കാനാകില്ല.
ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്ന് ദക്ഷിണാഫ്രിക്ക നൽകിയ പരാതി ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയും പരിഗണിക്കുന്നുണ്ട്.