ഇസ്രയേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച് കൊളംബിയ
ബൊഗോട്ട: ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ. ഗാസയിൽ ഇസ്രയേൽ നടത്തി വരുന്ന വംശഹത്യയിൽ പ്രതിഷേധിച്ചാണ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നതെന്ന് കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു.
രാജ്യ തലസ്ഥാനമായ ബൊഗോട്ടയിൽ അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപനം. വംശഹത്യക്ക് നേതൃത്വം നൽകുന്ന സർക്കാരും പ്രസിഡന്റുമാണ് ഇസ്രയേലിലേത്. അവരുമായുള്ള എല്ലാ നയതന്ത്രബന്ധവും മുറിച്ചു മാറ്റുകയാണെന്ന് ഞാൻ നിങ്ങൾക്കു മുന്നിൽ പ്രഖ്യാപിക്കുന്നു ബൊഗോട്ടയിൽ സംസാരിക്കവേ ഗുസ്താവോ പെട്രോ പറഞ്ഞു.
കൺമുന്നിൽ ഒരു ജനതയെ മുഴുവൻ ഉന്മൂലനം ചെയ്യുന്നത് കണ്ട് നിഷ്ക്രിയരായിരിക്കില്ലെന്നും പലസ്തീൻ ഇല്ലാതാകുന്നത് മനുഷ്യരാശി തന്നെ ഇല്ലാതാകുന്നതിന് സമാനമാണെന്നും കൊളംബിയയിലെ ആദ്യത്തെ ഇടതുപക്ഷ പ്രസിഡന്റായ പെട്രോ ചൂണ്ടിക്കാട്ടി.
നയതന്ത്ര ബന്ധം വിച്ഛേദിക്കുന്ന പെട്രോയുടെ നീക്കത്തെ ഇസ്രയേൽ സർക്കാർ അപലപിച്ചു. കുഞ്ഞുങ്ങളെ കൊല്ലുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും നിരപരാധികളെ തട്ടികൊണ്ടുപോകുകയും ചെയ്യുന്ന രാക്ഷസന്മാരുടെ പക്ഷത്താണ് ഗുസ്താവോ പെട്രോ നിന്നതെന്ന് ചരിത്രം ഓർക്കും എന്നാണ് ഇസ്രയേലിന്റെ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് എക്സിൽ കുറിച്ചത്.
ഇസ്രയേലും കൊളംബിയയും എല്ലായിപ്പോഴും ഊഷ്മളമായ ബന്ധം ആസ്വദിച്ചിരുന്നുവെന്നും യഹൂദവിരുദ്ധരായ പ്രസിഡന്റുമാർ പോലും അതിൽനിന്ന് വ്യതിചലിച്ചിട്ടില്ലെന്നും കാറ്റ്സ് പറഞ്ഞു.
ഇസ്രയേലുമായി ബന്ധം വിച്ഛേദിക്കുന്ന രണ്ടാമത്തെ തെക്കേ അമേരിക്കൻ രാജ്യമാണ് കൊളംബിയ. നവംബറിൽ ബൊളീവിയ നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
അന്ന് കൊളംബിയയും ചിലിയും ഇസ്രയേലിലെ തങ്ങളുടെ അംബാസഡർമാരെ തിരിച്ചു വിളിക്കുകയാണ് ചെയ്തത്. ദിവസങ്ങൾക്കുള്ളിൽ ഹോണ്ടുറാസും ഈ പാത പിന്തുടർന്നു. പിന്നാലെ മെക്സിക്കോയ്ക്ക് സമീപമുള്ള ചെറു അമേരിക്കൻ രാജ്യം ബെലീസ് ഇസ്രയേലുമായുള്ള ബന്ധം വിച്ഛേദിച്ചു.
ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന യു.എൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം പാലിച്ചില്ലെങ്കിൽ ഇസ്രയേലുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് മാർച്ചിൽ ഗുസ്താവോ പെട്രോ പറഞ്ഞിരുന്നു.
ഇസ്രയേലിനെ ഒറ്റപ്പെടുത്താൻ മറ്റ് രാജ്യങ്ങളോടും അദ്ദേഹം ആഹ്വാനം ചെയ്തു. ഹമാസിന് പെട്രോ നൽകുന്ന പിന്തുണ ലജ്ജാകരമാണെന്നാണ് ഇതിനു മറുപടിയായി ഇസ്രയേൽ കാറ്റ്സ് പറഞ്ഞത്.
ഗാസ നഗരത്തിലേക്ക് അടിയന്തര സഹായവുമായെത്തിയ ട്രക്കുകളുടെ സമീപം തടിച്ചുകൂടിയ ജനങ്ങൾക്ക് നേരെ ഇസ്രയേൽ സൈന്യം വെടിയുതിർത്തതിനെ തുടർന്ന് ഫെബ്രുവരിയിൽ ഇസ്രയേലിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി പെട്രോ പ്രഖ്യാപിച്ചിരുന്നു.
ലോക ശക്തികൾ അംഗീകരിക്കാൻ തയാറല്ലെങ്കിലും, ഭക്ഷണത്തിനായി യാചിച്ച നൂറിലധികം പലസ്തീനികളെ നെതന്യാഹു കൊന്നു എന്നായിരുന്നു സംഭവങ്ങളെ ഹോളോകോസ്റ്റുമായി താരതമ്യപ്പെടുത്തി പെട്രോ അന്ന് എക്സിൽ എഴുതിയത്. ലോകം നെതന്യാഹുവിനെ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.