ആറ് വയസുകാരിയെ പീഡിപ്പിച്ച പിതാവിന് 3 ജീവപര്യന്തം തടവും പിഴയും
തിരുവനന്തപുരം: ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ 40 കാരനായ അച്ഛന് മൂന്ന് ജീവപര്യന്തവും 90,000 പിഴയും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. കൂടാതെ വിവിധ വകുപ്പുകളിൽ 21 വർഷം കഠിനതടവുമുണ്ട്.
പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡജി ആർ. രേഖ വിധിന്യായത്തിൽ പറയുന്നു. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി. അച്ഛനെന്ന വിശ്വാസ്യതയ്ക്ക് പ്രതി കളങ്കമാണെന്ന് കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
2023 ജൂലൈയിലാണ് പീഡനം നടന്നത്. അമ്മ ഗൾഫിൽ ജോലി ചെയ്യുന്നതിനാൽ കുട്ടി പ്രതിയുടെ വീട്ടിലും അമ്മൂമ്മയുടെ (അമ്മയുടെ അമ്മ) വീട്ടിലും ആയിട്ടാണ് താമസം. അച്ഛനോടൊപ്പം വീട്ടിൽ താമസിച്ച ദിവസങ്ങളിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. ഫോൺ കാണിച്ചു തരാം എന്ന് പറഞ്ഞ് മുറിക്കുള്ളിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്ന് കുട്ടി മൊഴി നൽകി. കുട്ടിയുടെ സ്വകാര്യഭാഗത്ത് പരുക്കേറ്റിരുന്നു.
വേദനയുണ്ടെന്ന് പറഞ്ഞതിനാൽ കുട്ടിയെ അമ്മൂമ്മ സ്വകാര്യ ആശുപത്രിയിൽ കാണിച്ചപ്പോഴാണ് പരുക്ക് ഗുരുതരമാണെന്ന് ഡോക്റ്റർ കണ്ടത്തിയത്. വിവരം ആരാഞ്ഞ ഡോക്റ്ററോട് കുട്ടി അച്ഛൻ തന്നെ പീഡിപ്പിച്ച കാര്യം വെളിപ്പെടുത്തി. ഡോക്റ്ററുടെ നിർദേശപ്രകാരം വീട്ടുകാർ വലിയതുറ പൊലീസിൽ പരാതിപ്പെട്ടു. അച്ഛൻ മദ്യപിച്ച് വീട്ടിൽ വരുമ്പോൾ മോശമായി പെരുമാറാറുണ്ടെന്ന് കുട്ടിയുടെ മൂത്ത സഹോദരിയും മൊഴി നൽകിയിരുന്നു.
പ്രോസിക്യൂഷനു വേണ്ടി സെപ്ഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. ആർ.വൈ. അഖിലേഷ് ഹാജരായി. പൊലീസ് ഉദ്യോഗസ്ഥരായ പൂന്തുറ എഎസ്ഐ ബീന ബീഗം, വലിയതുറ സിഐ ജി.എസ് രതീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
ഒന്നിൽ കൂടുതൽ തവണ കുട്ടിയെ പീഡിപ്പിച്ചു, 12 വയസിന് താഴെയുള്ള കുട്ടിയെ പീഡിപ്പിച്ചു, കുട്ടിയെ സംരക്ഷിക്കേണ്ട അച്ഛൻ പീഡിപ്പിച്ചു തുടങ്ങിയ കുറ്റങ്ങൾക്ക് മൂന്നു വകുപ്പുകൾ പ്രകാരമാണ് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2024 മാർച്ച് 29ന് വിചാരണ ആരംഭിച്ച കേസ് ഒരു മാസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കി. പ്രോസിക്യൂഷൻ 17 സാക്ഷികളെയും 19 രേഖകളും ഹാജരാക്കി. കുട്ടിക്ക് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നും നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു.