ഫോണ്‍ ചെയ്യുന്നതിനിടയില്‍ ചുവന്ന അരളിയുടെ പൂവ് കടിച്ചു: ആലപ്പുഴയിൽ യുവതി കുഴഞ്ഞ് വീണ് മരിച്ചു
ആലപ്പുഴ: ചുവന്ന അരളിയുടെ പൂവ് കടിച്ചതിനു പിന്നാലെ കുഴഞ്ഞു വീണു. ഫോണ്‍ ചെയ്യുന്നതിനിടയില്‍ ചുവന്ന അരളിയുടെ പൂവ് കടിച്ച യുവതിയ്ക്ക് ദാരുണാന്ത്യം.
പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രൻ- അനിത ദമ്പതികളുടെ മകള്‍ സൂര്യ സുരേന്ദ്രനാണ്(24) മരിച്ചത്. യു.കെയില്‍ പോകാന്‍വേണ്ടി നെടുമ്പാശേരി വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയും തുടര്‍ ചികിത്സയ്ക്കിടയില്‍ പെണ്‍കുട്ടി മരിക്കുകയുമായിരുന്നു.
ഫോണ്‍ ചെയ്യുന്നതിനിടയില്‍ ചുവന്ന അരളിയുടെ പൂവ് കടിച്ചതായി ചികിത്സിച്ച ഡോക്ടര്‍മാരോട് കുട്ടി പറഞ്ഞിരുന്നു. ഇത് മരണ കാരണമായേക്കാമെന്ന ഡോക്ടറന്മാര് സംശയം പ്രകടിപ്പിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് പോലീസ് അസ്വാഭിവിക മരണത്തിനു കേസെടുത്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയ സ്തംഭനം മൂലമാണ് മരണമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആന്തരികാവയവ പരിശോധന ഫലം വന്നശേഷമേ മരണകാരണം സ്ഥിരീകരിക്കാന്‍ പറ്റുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.
പാഠ്യ - പാഠ്യേതര വിഷയങ്ങളില്‍ ഒരു പോലെ മികവു പുലര്‍ത്തിയിരുന്ന സൂര്യ നാട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു.
പൊയ്യക്കര ജംഗ്ഷനില്‍ പിതാവ് നടത്തുന്ന ബേക്കറിയില്‍ ഒഴിവു സമയങ്ങളിലെത്തിസഹായിക്കാറുണ്ടായിരുന്ന സൂര്യയുടെ പെട്ടെന്നുള്ള വേര്‍പാട് നാട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നതായിരുന്നില്ല.
ബി.എസ്.സി നഴ്സിംഗ് പാസായി യു.കെയില്‍ ജോലി നേടണമെന്നും കുടുംബത്തിന് താങ്ങാകണമെന്നും സൂര്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു.
അതിനായി പരിശ്രമിക്കുകയും ആഗ്രഹം സാധിച്ചതിന്റെയും സന്തോഷത്തില്‍ ഉത്സാഹവതിയായി ബന്ധുക്കളോടും അയല്‍ക്കാരോടും കൈവീശി യാത്ര പറഞ്ഞുപോയ തങ്ങളുടെ സൂര്യയുടെ വിറങ്ങലിച്ച ശരീരം വീട്ടിലെത്തിയപ്പോള്‍ മാതാപിതാക്കളും ബന്ധുക്കളും അലമുറയിട്ട കാഴ്ച കൂടിനിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി.
പള്ളിപ്പാട് നീണ്ടൂര്‍ ഗ്രാമമൊന്നാകെ തങ്ങളുടെ പ്രിയപ്പെട്ട സൂര്യക്ക് യാത്രാമൊഴിയേകുവാന്‍ എത്തിയിരന്നു. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം വൈകിട്ട് 4.30 ഓടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.