പതഞ്ജലിക്കെതിരെ നടപടി വൈകിയതിന് ഉത്തരാഖണ്ഡ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: നിയമ ലംഘനം നടത്തിയ പതഞ്ജലിക്ക് എതിരായ നടപടികൾ ആറ് വർഷത്തിലേറെ വൈകിപ്പിച്ച ഉത്തരാഖണ്ഡ് സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശം.
സുപ്രീം കോടതി ഇടപെടലിനു ശേഷം മാത്രമാണ് ഉത്തരാഖണ്ഡ് സംസ്ഥാന ലൈസൻസിങ്ങ് അതോറിറ്റി പതഞ്ജലിക്ക് എതിരെ നടപടി എടുത്തതെന്ന് ജസ്റ്റിസുമാരായ ഹിമാകോഹ്ലി, ജസ്റ്റിസ് അഹ്സനുദീൻഅമാനുള്ള എന്നിവർ അംഗങ്ങളായ ബെഞ്ച് ചൂണ്ടിക്കാട്ടി.
പതഞ്ജലിയുടെയും ദിവ്യാഫാർമസിയുടെയും 14 ഉൽപ്പന്നങ്ങളുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്തെന്ന് ഉത്തരാഖണ്ഡ് സർക്കാർ കഴിഞ്ഞ ദിവസം സത്യവാങ്ങ്മൂലം സമർപ്പിച്ചിരുന്നു.
കോടതി ഇടപെടലിനുശേഷം വെറും ഏഴോ എട്ടോ ദിവസങ്ങൾക്കുള്ളിൽ നിങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്തു. എന്നാൽ, ഈ വിഷയത്തിൽ വർഷങ്ങളായി നിങ്ങളുടെ ഭാഗത്തു നിന്നുണ്ടായ നിഷ്ക്രിയത്വത്തിനുള്ള ന്യായീകരണമെന്താണ്.
ആവശ്യമെങ്കിൽ മിന്നൽപ്പിണർ പോലെ കാര്യങ്ങൾ നടത്താൻ നിങ്ങൾക്ക് അറിയാം. ഇപ്പോൾ ചെയ്ത കാര്യങ്ങൾ വളരെ നേരത്തെ ചെയ്യേണ്ടത് ആയിരുന്നെന്നും സുപ്രീം കോടതി തുറന്നടിച്ചു.
കമ്പനികളുടെ സ്ഥാപകരായ ബാലകൃഷ്ണ, യോഗാഭ്യാസി രാംദേവ് എന്നിവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ പരാതി നൽകിയിട്ടുണ്ടെന്നും സംസ്ഥാന ലൈസൻസിങ്ങ് അതോറിറ്റി കോടതിയെ അറിയിച്ചു.
അതേസമയം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് ഖേദം പ്രകടിപ്പിച്ച് പതഞ്ജലി ദേശീയ ദിനപത്രത്തിൽ നൽകിയ പരസ്യത്തിന്റെ ഒറിജിനൽ കോപ്പികൾ ഹാജരാക്കാൻ കോടതി നിർദേശിച്ചു. ഖേദ പ്രകടനത്തിൽ പതഞ്ജലിയുടെ ഭാഗത്തു നിന്നും കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.