ഡൽഹിയിൽ കോൺഗ്രസ് നേതാക്കളുടെ രാജി വയ്ക്കൽ തുടരുന്നു
ന്യൂഡൽഹി: ഡല്‍ഹി കോണ്‍ഗ്രസിൽ വീണ്ടും നേതാക്കളുടെ രാജി. മുന്‍ എം.എല്‍.എമാരും ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിരീക്ഷക ചുമതലയുള്ള നേതാക്കളും ഉൾപ്പെടെ വിവിധ പ്രശ്നങ്ങളിൽ പിണങ്ങി പുറത്ത് പോയി.
ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയായിരുന്ന നസീബ് സിങ്ങ്, മുതിർന്ന നേതാവായ നീരജ് ബസോയ എന്നിവരാണ് കഴിഞ്ഞ ദിവസം രാജി നൽകിയത്.
നസീബ് സിങ്ങിന് നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി മണ്ഡലത്തിന്റേയും നീരജ് ബസോയയ്ക്ക് വെസ്റ്റ് ഡല്‍ഹി മണ്ഡലത്തിന്റേയും ചുമതല നൽകിയിരിക്കയായിരുന്നു.
ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തിൽ അതൃപ്തി അറിയിച്ചാണ് ഇരുവരും രാജി നല്‍കിയത്. പാര്‍ട്ടിയുടെ ആശയങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത രണ്ട് അപരിചിതരെയാണ് നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലും നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലും സ്ഥാനാര്‍ഥികളാക്കിയത് എന്നാണ് ഇവരുടെ ആരോപണം.
നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ സ്ഥാനാര്‍ഥി, കോണ്‍ഗ്രസ് ടിക്കറ്റിലെ എ.എ.പിക്കാരനാണെന്ന് നസീബ് സിങ് ചൂണ്ടി കാണിക്കുന്നു. എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് ഇത് സംബന്ധിച്ച് കത്ത് അയക്കുകയും ചെയ്തു.
എ.എ.പിയുമായുള്ള സഖ്യം വലിയ അപമാനമായാണ് സാധാരണപ്രവർത്തകർ കാണുന്നത്. എന്നാല്‍, ഹൈക്കമാന്‍ഡ് ഈ വികാരത്തോട് മുഖം തിരിക്കുകയാണെന്നും നീരജ് ബസോയ പറഞ്ഞു.
പഞ്ചാബിന്റെ ചുമതലയുള്ള ദേവേന്ദ്ര യാദവ് ഇത്രയും കാലം ആം ആദ്മി വിരുദ്ധ പ്രചാരണത്തിന് നേതൃത്വം നല്കിവരികയായിരുന്നുവെന്നും ഡല്‍ഹി പി.സി.സിയുടെ ഇടക്കാല പ്രസിഡന്റെന്ന നിലയില്‍ ഇനി അദ്ദേഹത്തിന് അരവിന്ദ് കെജ്രിവാളിനേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും പുകഴ്ത്തേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ സമാനകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അരവിന്ദർ സിങ്ങ് ലവ്ലി പി.സി.സി അധ്യക്ഷ സ്ഥാനം രാജി വെച്ചിരുന്നു. എന്നാൽ ഇദ്ദേഹം പാർട്ടി വിട്ടിട്ടില്ല.
നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിൽ കനയ്യകുമാറിന്റേയും നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിൽ ഉദിത് രാജിന്റേയും സ്ഥാനാര്‍ഥിത്വത്തിൽ ഇദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
ഇറക്കുമതി സ്ഥാനാർത്ഥി വേണ്ട എന്നായിരുന്നു കനയ്യക്ക് എതിരെ നിലപാട്. എന്നാൽ പിന്നീട് പാർട്ടിയിൽ അല്ല ചിലരുടെ സമീപനത്തിലാണ് എതിർപ്പെന്ന് നിലപാട് മാറ്റി.
ഡൽഹിയിൽ എ.എ.പി 70ൽ 67 സീറ്റും നേടിയ 2015 ലെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയും ഇദ്ദേഹം പാർട്ടി സ്ഥാനം രാജിവെച്ചിരുന്നു.
ഡല്‍ഹിയുടെ ചുമതലുള്ള ദീപക് ബബാരിയക്കെതിരേയും കടുത്ത എതിർപ്പ് ഉയർത്തി. ഇതിനു പിന്നാലെ ഡല്‍ഹി മുന്‍ മന്ത്രിയും എ.ഐ.സി.സി അംഗവുമായ രാജ്കുമാര് ചൗഹാനും ബബാരിയക്കെതിരെ ആരോപണങ്ങൾ ഉയർത്തി പാർട്ടി വിട്ടു.