മെയ് പകുതി വരെ ചൂടിന് ആശ്വാസമുണ്ടാകില്ലെന്ന് കാലാവസ്ഥാ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് തെല്ലും കുറയാതെ കൊടുംചൂട്. ഉഷ്ണ തരംഗ സാധ്യതയെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
കൊല്ലം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മറ്റുള്ള ഒന്‍പത് ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട് ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്.
മെയ് പകുതി വരെ സംസ്ഥാനത്ത് ഈ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍. അതിനുശേഷം മഴ സജീവമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
താപനില ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
സൂര്യാഘാതവും സൂര്യാതപവും ഏല്ക്കാന് സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.