മോദിയുടെ പൊലിസിനു പ്രിയം മാസപ്പടി ; പുറത്തിറങ്ങാന്‍ പേടിച്ച് ഡല്‍ഹി മലയാളികള്‍
ന്യൂഡല്‍ഹി: മലയാളി വിദ്യാര്‍ഥിയെ അടിച്ചുകൊന്ന പാന്മസാലക്കടക്കാനെ സംരക്ഷിക്കാന്‍ പൊലിസ് ആവും വിധം ശ്രമിച്ചിരുന്നതായി ഡല്‍ഹി മലയാളി അസോസിയേഷന് ഭാരവാഹികള്‍ സുപ്രഭാതത്തോടു പറഞ്ഞു. കട നടത്താന്‍ മാസപ്പടിയായി പൊലിസിന് നല്ലൊരു തുക തന്നെയാണ് പാന്‍ മസാലക്കടക്കാരന് അലോക് പണ്ഡിറ്റ് കൊടുത്തിരുന്നത്. അതിനു പ്രത്യുപകാരവും പൊലിസ് ചെയ്തുകൊടുത്തു. വിദ്യാര്‍ഥിയെ പാര്‍ക്കില്‍ കൊണ്ടുപോയി പരസ്യമായി മര്‍ദിച്ചിട്ടും പൊലിസെത്തുകയോ അന്വേഷിക്കുകയോ ചെയ്തില്ല. ബുധനാഴ്ച കൃത്യം നടത്തിയ അലോക് പണ്ഡിറ്റും മക്കളും വ്യാഴാഴ്ച പതിവുപോലെ ഒന്നുമറിയാത്ത മട്ടില്‍ കട തുറന്നു. ഇതോടെ മലയാളി അസോസിയേഷന് സംഘടിക്കുകയും കട കത്തിക്കുകയും ചെയ്തത്.
പെട്ടിക്കടക്കാരുടെ ഭാഗത്തുനിന്നു മലയാളികള്‍ക്ക് ഇതിനു മുന്‍പും നിരവധി പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. അന്നൊക്കെ പൊലിസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഒരു കാര്യവുമുണ്ടായില്ല. മലയാളികളടക്കമുള്ള എം.പിമാരെയും ഡല്‍ഹിയിലെ എം.എല്‍.എമാരെയും സംഭവം ധരിപ്പിച്ചിരുന്നെങ്കിലും അവര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും പൊലിസിന്റെ ഇടപെടലുണ്ടായി. ബാഹ്യ ചതവുകളില്ലെന്നും സാധാരണ മരണമാണെന്നും ഡോക്ടര്‍മാരെക്കൊണ്ട് പൊലിസ് എഴുതിപ്പിച്ചിരുന്നു. പിന്നീട് മലയാളികള്‍ ചേര്‍ന്ന് പ്രതിഷേധിച്ചപ്പോഴാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താനും എഫ്.ഐ.ആര് എഴുതാനും തയാറായത്.
ട്യൂഷനു പോയി വരുന്ന വിദ്യാര്‍ഥികള്‍ക്കു മേലാണ് അതിക്രമം കൂടുതലും. അവരെ പിടികൂടി അടിക്കുന്നതും ചീത്ത പറയുന്നതും നിത്യസംഭവമാണ്. വീട്ടമ്മമാരുടെ മാലപൊട്ടിക്കുന്ന സംഭവങ്ങളും ഉണ്ടാവാറുണ്ട്. ഇതിനെതിരെ സ്ഥലം എം.എല്‍.എയെയും എം.പിമാരെയും സമീപിച്ചിരുന്നെങ്കിലും ഒരു കാര്യവുണ്ടായില്ലെന്നും ഇനി സ്വന്തം നിലക്ക് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
മലയാളികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താനും കൊലപാതകത്തില്‍ ശിക്ഷ ഉറപ്പാക്കാനും ശക്തമായ പ്രതിഷേധ പരിപാടിക്കൊരുങ്ങുകയാണ് മലയാളികള്‍. ഇതിന്റെ ഭാഗമായി വരുന്ന ഞായറാഴ്ച ഫേസ് ത്രീയില്‍ ഹര്‍ത്താല്‍ നടത്താനും ആലോചിക്കുന്നുണ്ട്. ഇന്നു വൈകിട്ട് ഏഴു മണിക്ക് ചേരുന്ന യോഗത്തിലായിരിക്കും ഇതില്‍ അന്തിമ തീരുമാനമുണ്ടാവുക.
രാവിലെ അല്പസമയം തുറന്നിടുന്ന കട വൈകിട്ടോയെയാണ് വീണ്ടും തുറക്കുന്നത്. പാന്‍ മസാലയ്ക്കു പുറമെ, കള്ള്, കഞ്ചാവ് വില്‍പ്പനയും ഇയാള്‍ പൊലിസിന്റെ ഒത്താശയോടെ വില്‍ക്കുന്നുണ്ടെന്ന് മലയാളി അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു.