ലോക്സഭാ തിരഞ്ഞെടുപ്പ്: മാലിന്യ നീക്കത്തിനു നിർദ്ദേശങ്ങൾ
ഇടുക്കി: പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന സെന്ററുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന മാലിന്യം നീക്കം ചെയ്യലും സംസ്കരണവും സംബന്ധിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന സെന്ററുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ തരംതിരിച്ച് സംഭരിക്കുന്നതിനുള്ള സംവിധാനം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട് ഒരുക്കണം. സംഭരിക്കുന്ന മാലിന്യങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ ഹരിതകർമ്മസേനയ്ക്കോ ബന്ധപ്പെട്ട ഏജൻസികൾക്കോ കൈമാറിയിട്ടുണ്ടെന്ന് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ ഉറപ്പു വരുത്തണം.
വിവിധ കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നതിന് പോളിംഗ് സ്റ്റേഷനുകളുടെ എണ്ണത്തിനനുസരിച്ച് ഉദ്യോഗസ്ഥൻ / ഹരിതകർമ്മസേന / ഏജൻസി എന്നിവരെ ചുമതലപ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി / ചുമതലയുള്ള ഉദ്യോഗസ്ഥൻ ഉത്തരവ് പുറപ്പെടുവിക്കണം. മാലിന്യങ്ങൾ ശേഖരിച്ച് എം.സി.എഫ് / ആർ.ആർ.എഫ്-ൽ എത്തിക്കുന്നതിനുള്ള ട്രാൻസ്പോർട്ടേഷൻ പ്ലാൻ മുൻകൂട്ടി തയ്യാറാക്കി വാഹന സൗകര്യം ഉൾപ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയോ ചുമതലയുള്ള ഉദ്യോഗസ്ഥനോ ഏർപ്പെടുത്തണം.
മാലിന്യങ്ങൾ യഥാസമയം എം.സി.എഫ്. / ആർ.ആർ.എഫ്-ൽ നീക്കം ചെയ്തിട്ടുണ്ടെന്നുള്ള റിപ്പോർട്ട് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയോ ചുമതലയുള്ള ഉദ്യോഗസ്ഥനോ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ, ബന്ധപ്പെട്ട വരണാധികാരികരി, ഉപവരണാധികാരി, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ എന്നിവർക്ക് ലഭ്യമാക്കണം. വിവിധ തിരഞ്ഞെടുപ്പ് സ്ക്വാഡുകൾ പിടിച്ചെടുക്കുന്ന ബോർഡുകൾ, കൊടി തോരണങ്ങൾ, ബാനറുകൾ, പോസ്റ്ററുകൾ തുടങ്ങിയവ ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുന്ന മുറയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവ തരം തിരിച്ച് സംസ്കരിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കണമെന്നും ഇതു സംബന്ധിച്ച സർക്കുലറിൽ പറയുന്നു.