കെ രാധാകൃഷ്ണൻറെ അകമ്പടി വാഹനത്തിൽ ആയുധങ്ങൾ: പ്രചാരണ ബോർഡുകൾ അഴിച്ചു മാറ്റാൻ ഉപയോഗിച്ചവയെന്ന് സി.പി.എം
പാലക്കാട്: കൊട്ടിക്കലാശം കഴിഞ്ഞു പോകുന്ന ആലത്തൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ രാധാകൃഷ്ണൻറെ അകമ്പടി വാഹനത്തിൽ നിന്നും വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയെന്ന ആരോപണവുമായി യു.ഡി.എഫ്.
വാഹനത്തിൽ നിന്നും ആയുധങ്ങൾ എടുത്തു മാറ്റുന്നതിൻറെ സി.സി.ടി.വി ദൃശ്യങ്ങൾ ഇവർ പുറത്ത് വിട്ടു. ചേലക്കര മണ്ഡലത്തിൽ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്.
വാഹനത്തിൽ നിന്നും ഇറങ്ങിയ ഒരാൾ വാഹനത്തിനുള്ളിൽ നിന്ന് ആയുധങ്ങൾ പുറത്തേക്ക് മാറ്റുന്നത് വീഡിയോയിൽ കാണാം. അതേസമയം, പ്രചാരണ ബോർഡുകൾ അഴിച്ചു മാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്നാണ് സി.പി.എമ്മിൻറെ വിശദീകരണം.
ദൃശ്യങ്ങളുടെ ആധികാരികത ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ചേലക്കര പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല.
അതേസമയം സംഭവത്തിൻറെ ദൃശ്യങ്ങൾ പുറത്ത് വന്നതിനു ശേഷം ഇതിനെതിരേ കോൺഗ്രസ് സ്ഥാനാർഥി രമ്യാ ഹരിദാസ് രംഗത്തെത്തി. അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിൻറെ ഭാഗമാണിതെന്ന് അവർ ആരോപിച്ചു.
എന്നാൽ ഇതിൽ വിശദീകരണവുമായി കെ രാധാകൃഷ്ണനും രംഗത്തെത്തി. വ്യാജ പ്രചരണം നടത്താനുള്ള ശ്രമമാണ് യു.ഡി.എഫിൻറേത്. ഫ്ലക്സ് ബോർഡ് സ്ഥാപിക്കാനുള്ള ആയുധങ്ങൾ മാത്രമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.
അത് തൻറെ അകമ്പടി വാഹനമോ പ്രചാരണ വാഹനമോ ഒന്നുമായിരുന്നില്ലന്നും അദ്ദേഹം പറഞ്ഞു. ആലത്തൂരിൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് യു.ഡി.എഫെന്നും രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.