അവധി തിരക്ക്; 9,111 സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും
കൊല്ലം: മധ്യവേനൽ അവധിയുടെ തിരക്ക് ഒഴിവാക്കുന്നതിന് ഇന്ത്യൻ റെയിൽവേ രാജ്യത്താകമാനം വിവിധ റൂട്ടുകളിൽ 9,111 സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും.
2023ൽ റെയിൽവേ 6,369 സമ്മർ സ്പെഷൽ സർവീസുകളാണു നടത്തിയത്. ഇത്തവണ കൂടുതലായി ഓടിക്കുന്നത് 2,742 ട്രിപ്പുകളാണ്.
ട്രിപ്പുകളുടെ എണ്ണം സോൺ തിരിച്ച് ഇങ്ങനെയാണ്: സെൻട്രൽ-488, ഈസ്റ്റേൺ-254, ഈസ്റ്റ് സെൻട്രൽ-1003, ഈസ്റ്റ് കോസ്റ്റ്-102, നോർത്ത് സെൻട്രൽ-142. നോർത്ത് ഈസ്റ്റേൺ-244, വടക്ക് കിഴക്കൻ അതിർത്തി-88, വെസ്റ്റേൺ-778, നോർത്ത് വെസ്റ്റേൺ-1623.
സൗത്ത് സെൻട്രൽ-1012, സൗത്ത് ഈസ്റ്റേൺ-276, സൗത്ത് ഈസ്റ്റ് സെൻട്രൽ-810, വെസ്റ്റ് സെൻട്രൽ-1878. ദക്ഷിണ റെയിൽവേ 16 റൂട്ടുകളിലായി 239 ട്രിപ്പുകളാണ് ക്രമീകരിച്ചുള്ളത്.
കേരളം, തമിഴ്നാട്, കർണാടക, രാജസ്ഥാൻ, ബിഹാർ, ന്യൂഡൽഹി, പശ്ചിമബംഗാൾ, ഗുജറാത്ത് തുടങ്ങി സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് ഈ സർവീസുകളെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
കൊച്ചുവേളി - ബാംഗ്ലൂർ, ചെന്നൈ - കൊച്ചുവേളി, തിരുനെൽവേലി - ചെന്നൈ, കൊച്ചുവേളി - ഷാലിമാർ, ചെന്നൈ - ബാർമർ, കൊച്ചുവേളി - നിസാമുദീൻ, നിസാമുദീൻ - എറണാകുളം, താംബരം - മാംഗ്ലൂർ, ഈറോഡ് - ഉഥന, എറണാകുളം - പാറ്റ്ന, കോയമ്പത്തൂർ - ബറൂണി തുടങ്ങിയ റൂട്ടുകളിലായിരിക്കും ദക്ഷിണ റെയിൽവേ സമ്മർ സ്പെഷൽ സർവീസുകൾ നടത്തുക.
ഇത് കൂടാതെ യാത്രക്കാരുടെ സൗകര്യാർഥം വന്ദേഭാരത് സ്പെഷൽ ട്രെയിനുകൾ ചെന്നൈ എഗ്മോറിനും നാഗർകോവിലിനും മധ്യേ ഓടിക്കുമെന്നും ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
വേനൽക്കാലത്ത് സ്റ്റേഷനുകളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ എല്ലാ സോണൽ അധികാരികൾക്കും റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്. സമ്മർ സ്പെഷൽ ട്രെയിനുകളിലെ ജനറൽ ക്ലാസ് കോച്ചുകളിൽ പ്രവേശിക്കുന്നതിന് ക്യൂ സംവിധാനം ഉറപ്പാക്കാൻ ആർപിഎഫ് ഉദ്യോഗസ്ഥരെ ഉത്ഭവ സ്റ്റേഷനുകളിൽ പ്രത്യേകം നിയോഗിച്ചു.