കോൺഗ്രസിന്റെ ധിക്കാരത്തിന് ലീഗ് മറുപടി കൊടുക്കണം: കെ.റ്റി ജലീൽ എം.എൽ.എ
കോതമംഗലം: കോൺഗ്രസ് സ്വീകരിക്കുന്ന ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾക്ക് മുസ്ലിം ലീഗ് തെരഞ്ഞെടുപ്പിൽ മറുപടി കൊടുക്കണമെന്ന് കെ.റ്റി ജലീൽ എം.എൽ.എ പറഞ്ഞു.
ഇടുക്കി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ വിജയത്തിനായി എൽ.ഡി.എഫ് കോതമംഗലം അസംബ്ലി മണ്ഡലത്തിലെ അടിവാട് ടൗണിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
റാലി തെക്കേ കവല ആരംഭിച്ച് അടിവാട് ടൗണിൽ സമാപിച്ചു. രണ്ടാം യുപിഎയുടെ അധികാരം നഷ്ടപ്പെടാൻ കാരണം ഇടതുപക്ഷത്തിന്റെ പിന്തുണ ഇല്ലാത്തതാണ്. കോൺഗ്രസ് അന്ന് കോർപ്പറേറ്റ് നയങ്ങൾ സ്വീകരിക്കുകയായിരുന്നു. ലീഗിന്റെ കൊടി പിടിക്കാൻ പാടില്ലെന്ന് പറയുന്ന കോൺഗ്രസിന് ലീഗിന്റെ വോട്ട് എങ്ങനെ സ്വീകാര്യമാകും. കോൺഗ്രസ് നേതാക്കളുടെ മുമ്പിൽ മുട്ടുമടക്കി നിൽക്കുന്ന സമീപനമാണ് ലീഗ് നേതാക്കൾ സ്വീകരിക്കുന്നത്. എന്നാൽ ലീഗിന്റെ അണികൾ ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷ സമീപനം സ്വീകരിച്ചപ്പോൾ മാത്രമാണ് കോൺഗ്രസ് ജയിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ കോൺഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ സമീപനമാണ്. മൃദു ഹിന്ദുത്വ സമീപനം സ്വീകരിച്ചതോടെ കോൺഗ്രസിനെ ഇന്ത്യയിലെ മതേതര സമൂഹം തള്ളിക്കളഞ്ഞതാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ പരാജയങ്ങൾക്ക് കാരണമെന്നും കൂട്ടിച്ചേർത്തു.
പച്ചക്കൊടി ഉള്ള വയനാട് മണ്ഡലത്തിൽ വന്ന് രാഹുൽ ഗാന്ധി മത്സരിക്കുമ്പോൾ ലീഗിനോട് അവരുടെ കൊടി പിടിക്കരുതെന്ന് പറയുന്നത് എന്ത് സമീപനമാണ്. അങ്ങനെയെങ്കിൽ രാഹുൽ ഗാന്ധിക്ക് പച്ചക്കൊടി ഇല്ലാത്ത മറ്റു സംസ്ഥാനങ്ങളിൽ മത്സരിച്ചു കൂടായിരുന്നോയെന്നും എം.എൽ.എ ചോദിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അധ്യക്ഷയായി. ആൻ്റണി ജോൺ എം.എൽ.എ, എ.എ അൻഷാദ്, കെ.ബി മുഹമ്മദ്, എം.എം ബക്കർ, മനോജ് ഗോപി, റ്റി.പി തമ്പാൻ, ആൻ്റണി പുല്ലൻ, ഷാജി പീച്ചക്കര, ഒ.ഇ അബ്ബാസ് എന്നിവർ സംസാരിച്ചു.