തൃശ്ശൂർ പൂരത്തിൽ വീഴ്ച വന്ന സംഭവം: സിറ്റി പൊലീസ് കമ്മിഷണറെ സ്ഥലം മാറ്റും
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിലെ വലിയ പൊലീസ് വീഴ്ച രാഷ്ട്രീയ വിവാദമായ സാഹചര്യത്തിൽ അടിയന്തര നടപടിയുമായി സർക്കാർ.
സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോക്, അസിസ്റ്റന്റ് കമ്മിഷണർ സുദർശൻ എന്നിവരെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുവാദത്തോടു കൂടി അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദേശിച്ചു.
പൂരവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.
തൃശൂരിലെ എല്ലാ സ്ഥാനാർഥികളും പാർട്ടികളും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും പൊലീസിനെതിരെ വ്യാപക പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് നടപടി.
കമ്മിഷണറുടെ മോശം പെരുമാറ്റം സംബന്ധിച്ച വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിലും ചാനലുകളിലും വൈറലായതും നടപടിക്ക് കാരണമായി.
അമിതനിയന്ത്രണത്തിലൂടെ പൂരത്തിന്റെ ശോഭ കെടുത്തിയെന്നായിരുന്നു എൽഡിഎഫ് സ്ഥാനാർഥിയും മുൻ മന്ത്രിയുമായ വി.എസ്. സുനിൽകുമാറിന്റെ വിമർശനം. ആചാരങ്ങളറിയാത്ത പൊലീസുകാർ ഡ്യൂട്ടിക്ക് വരുന്നതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
തിരുവമ്പാടി ഭഗവതിയുടെ എഴുന്നെള്ളിപ്പു തടഞ്ഞും പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് വച്ച് കെട്ടിയടച്ചും പൊലീസ് പരിധി വിട്ടതാണു വിവാദമായത്.
ഇതോടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിച്ച് പൂരം നിർത്തിവയ്ക്കാൻ തിരുവമ്പാടി ദേവസ്വം നിർബന്ധിതരായി. രാത്രിപ്പൂരം കാണാനെത്തിയവരെ സ്വരാജ് റൗണ്ടിൽ കടക്കാൻ അനുവദിക്കാതെ വഴികളെല്ലാം കെട്ടിയടച്ചു.
പുലർച്ചെ മൂന്നിനു നടക്കേണ്ട വെടിക്കെട്ട് സുരേഷ് ഗോപി അടക്കമുള്ളവരുടെ ഇടപെടലിനെ തുടർന്ന് നാല് മണിക്കൂർ വൈകി പകൽവെളിച്ചത്തിലാണു നടത്തിയത്. വെടിക്കെട്ടിന്റെ വർണഭംഗി ആസ്വദിക്കാൻ ആർക്കുമായില്ല.
പൂരത്തലേന്നു തന്നെ പൊലീസ് കടുത്ത നിയന്ത്രണങ്ങൾ തുടങ്ങിയിരുന്നു. മഠത്തിൽവരവിനിടെ ഉത്സവപ്രേമികൾക്കു നേരെ കയർക്കാനും പിടിച്ചു തള്ളാനും മുന്നിൽ നിന്നതു സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ നേരിട്ടാണെന്നും ആക്ഷേപമുയർന്നു.
ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലും കമ്മിഷണറുടെ പെരുമാറ്റം സേനയ്ക്ക് കളങ്കം വരുത്തിയെന്ന നിലപാടിലാണ് സ്ഥലം മാറ്റം.
പൂരം അലങ്കോലമായതിൽ വിവിധ ഹിന്ദു സംഘടനകളടക്കം സർക്കാരിനെതിരേ സമൂഹ്യ മാധ്യമങ്ങളിൽ ക്യാംപെയ്നും ആരംഭിച്ചിരുന്നു. കൊല്ലം സ്വദേശിയായ അങ്കിത് 2017 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. 2022ലാണ് തൃശൂർ കമ്മിഷണറായത്.