ഖാൻ യൂനിസിൽ നിന്ന് കൂട്ടക്കുഴിമാടം കണ്ടെത്തി
ഗാസ സിറ്റി: ഗാസയിലെ അൽഷിഫ ആശുപത്രിക്ക് പിന്നാലെ ഖാൻ യൂനിസിലെ നാസർ ആശുപത്രി കോംപ്ലക്സിൽ നിന്നും കൂട്ടക്കുഴിമാടം കണ്ടെത്തി.
ഖാൻ യൂനിസിൽ നിന്ന് ഇസ്രയേൽ സൈന്യം പിൻമാറി രണ്ടാഴ്ചക്കു ശേഷമാണ് പലസ്തീനിലെ അടിയന്തര സഹായ വിഭാഗം ആശുപത്രി മുറ്റത്ത് കൂട്ടക്കുഴിമാടം കണ്ടെത്തിയത്.
പ്രായമായ സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെ 180 മൃതദേഹം ഇതുവരെ കണ്ടെടുത്തു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.
ഹീബ്രു ഭാഷയിൽ എഴുതിയ പ്ലാസ്റ്റിക് കവറുകൾക്ക് ഉള്ളിലായിരുന്നു ചില മൃതദേഹങ്ങൾ. ചിലരുടെ കൈകൾ പിന്നിൽ കെട്ടിയ നിലയിലാണ്. ഏഴിനാണ് ഇസ്രയേൽ സൈന്യം ഇവിടെ നിന്ന് പിൻവാങ്ങിയത്.
ഇസ്രയേൽ സൈന്യം കൈയേറി പൂർണമായി നശിപ്പിച്ച ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രിയിലും ബെയ്ത് ലാഹിയയിലും 15ന് കൂട്ടക്കുഴിമാടം കണ്ടെത്തിയിരുന്നു.
400ൽ അധികം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അതേസമയം, ഗാസയിലെ ഇസ്രയേൽ അതിക്രമം ചൊവ്വാഴ്ച 200–-ാം ദിവസത്തിലേക്ക് കടക്കും.റാഫയിൽ ഇസ്രയേൽ അതിക്രമം തുടരുകയാണ്.
ശനി രാത്രി ആരംഭിച്ച ആക്രമണത്തിൽ 18 കുട്ടികൾ ഉൾപ്പെടെ 22 പേർ കൊല്ലപ്പെട്ടു. ഇതിൽ ഒരു കുടുംബത്തിലെ 13 കുട്ടികളും ഉൾപ്പെടും.
24 മണിക്കൂറിനിടെ 48 പേരാണ് ഗാസയിലാകെ കൊല്ലപ്പെട്ടത്. ഇതോടെ ഇസ്രയേൽ അതിക്രമത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 34,097 ആയി.