വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്ന കേസ്; അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രശംസാപത്രം
അടിമാലി: പട്ടാപകല്‍ വീട്ടിലെത്തി വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രശംസാപത്രം. ജില്ലാ പോലീസ് മേധാവി റ്റി കെ വിഷ്ണു പ്രദീപ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പ്രശംസാപത്രം കൈമാറി.
ഇടുക്കി ഡി.വൈ.എസ്.പി സാജു വര്‍ഗീസ്, അടിമാലി എസ്.എച്ച്.ഒ ജോസ് മാത്യു, മുരിക്കാശേരി എസ്.എച്ച്.ഒ അനില്‍കുമാര്‍, എസ്.ഐമാരായ സി.എസ് അഭിറാം, ഉദയകുമാര്‍ തുടങ്ങി അഞ്ചു പേര്‍ക്കാണ് അഭിനന്ദന പത്രം നല്‍കിയത്.
ഇവര്‍ ഉള്‍പ്പെടെ 20 പേരടങ്ങുന്ന അന്വേഷണ സംഘത്തിന് ഗുഡ് സര്‍വീസ് എന്‍ട്രിക്കുള്ള ശുപാര്‍ശയും നല്‍കും. കേസിന്റെ ആദ്യഘട്ടം മുതല്‍ തന്നെ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചടുലമായ നീക്കങ്ങളിലൂടെ ഒളിവിലായ പ്രതികളെ പിടികൂടിയിരുന്നു.
ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് അഭിനന്ദന പത്രം തയ്യാറാക്കി നല്‍കിയത്. കൊല്ലം സ്വദേശികളായ അലക്സിനേയും കവിതയേയുമായിരുന്നു സംഭവം നടന്ന് 17 മണിക്കൂറുകള്‍ക്കകം അറസ്റ്റു ചെയ്തത്.
എസ്.ഐമാരായ സി.ആര് സന്തോഷ്, അബാസ് മീരാന്‍ എന്നിവരും വനിതാ പോലീസുകാര്‍ അടങ്ങുന്ന 20 അംഗ സംഘമാണ് സജീവമായി രംഗത്തുണ്ടായിരുന്നത്.
ഇതിനിടെ പ്രതികളെ വ്യാഴാഴ്ച്ച കസ്റ്റഡിയില്‍ വാങ്ങിയ അന്വേഷണസംഘം തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.
അഞ്ചു ദിവസത്തേക്ക് ആണ് അടിമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇവരെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരിക്കുന്നത്.