വോട്ടെടുപ്പിന് ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങള്‍ സജ്ജം; ഇ.വി.എം - വിവിപാറ്റ് കമ്മിഷനിങ്ങ് പൂര്‍ത്തിയായി
ഇടുക്കി: പൊതുതിരഞ്ഞെടുപ്പിന് ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് പൂർത്തിയായി. മെഷീനുകളുടെ പ്രവർത്തനക്ഷമത , കൃത്യത, ബൂത്തടിസ്ഥാനത്തിലുള്ള വിതരണം എന്നിവ ഉറപ്പുവരുത്തുകയാണ് പ്രവൃത്തിയിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്.
ദേവികുളം ,ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട്, കോതമംഗലം, പീരുമേട് മണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂം കേന്ദ്രങ്ങളില്‍ ഇ.വി.എം -
വിവിപാറ്റ് യന്ത്രങ്ങളുടെ കമ്മിഷനിങ്ങാണ് പൂര്‍ത്തിയായത്.
ഏഴു കേന്ദ്രങ്ങളിലും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്ഷീബാ ജോര്‍ജ് സന്ദര്‍ശനം നടത്തി. കമ്മീഷനിങ്ങ് കേന്ദ്രത്തോടൊപ്പം സജ്ജീകരിച്ചിരിക്കുന്ന മോക്പോളിങ്ങ് സ്റ്റേഷനുകളും സ്ട്രോങ്ങ് റൂമുകളും കളക്ടര്‍ പരിശോധിച്ചു.
ഇടുക്കി ലോക് സഭ മണ്ഡലത്തിലെ ഏഴു കേന്ദ്രങ്ങളിലാണ് കമ്മിഷനിങ്ങ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ സ്ഥാനാര്‍ഥി നിശ്ചയിക്കുന്ന ഏജന്റ്, ജില്ലയിലേക്ക് അനുവദിച്ച ബെല്‍ എഞ്ചിനീയര്‍, തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വരണാധികാരികളുടെ നേതൃത്വത്തിലാണ് കമ്മിഷനിങ്ങ് നടക്കുന്നത്.
വോട്ടിങ്ങ് യന്ത്രങ്ങളില്‍ ക്രമനമ്പര്‍, സ്ഥാനാര്‍ത്ഥികളുടെ പേര്, ഫോട്ടോ, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് പേപ്പറും വിവിപാറ്റ് സ്ലിപ്പില്‍ പ്രിന്റ് ചെയ്യേണ്ട ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ വിവിപാറ്റ് മെഷീനിലും സെറ്റ് ചെയ്യുന്ന പ്രക്രിയയാണ് കമ്മിഷനിങ്ങ്.
വിവിപാറ്റിലും സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ ഫീഡ് ചെയ്ത ശേഷം പ്രിന്റ് ചെയ്യാനുള്ള പേപ്പര്‍ ലോഡ് ചെയ്ത് സീല്‍ ചെയ്തു. രാവിലെ എട്ട് മുതലാണ് വിവിധ കേന്ദ്രങ്ങളില്‍ കമ്മിഷനിങ് ആരംഭിച്ചത്.
ഏഴു സ്ഥാനാര്‍ഥികളുടെ പേര് ഉള്‍ക്കൊള്ളുന്ന ബാലറ്റ് ലേബലാണ് പതിപ്പിച്ചത്. ഇതോടെ ഓരോ ബൂത്തിലേക്കുമുള്ള ഇ.വി.എം(കണ്ട്രോള് യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ്) വോട്ടെടുപ്പിന് സജ്ജമാകും.
ബാലറ്റ് സെറ്റ് ചെയ്ത ശേഷം ഓരോ ഇ.വി.എമ്മിലും ഓരോ വോട്ട് ചെയ്ത് മെഷീന്റെ കാര്യക്ഷമത ഉറപ്പുവരുത്തും. തുടര്‍ന്ന് അവ സീല്‍ ചെയ്യും.
ശേഷം ഓരോ അസംബ്ലി സെഗ്മന്റിലും ഉപയോഗിക്കുന്ന വോട്ടിങ്ങ് യന്ത്രങ്ങളില്‍ നിന്ന് റാന്‍ഡമായി തിരഞ്ഞെടുക്കുന്ന അഞ്ച് ശതമാനം ഇ.വിഎമ്മുകളില്‍ 1000 വീതം വോട്ട് രേഖപ്പെടുത്തി പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തും.
തുടര്‍ന്നാണ് ഇ.വി.എമ്മുകള്‍ സ്ട്രോങ് റൂമുകളിലേക്ക് മാറ്റുക. സ്ട്രോങ്ങ് റൂമുകളില്‍ വരച്ചിട്ടുള്ള നിശ്ചിത കള്ളിയില്‍ അഡ്രസ്സ് ടാഗ് ചെയ്ത് ക്രമീകരിച്ചാണ് വോട്ടെടുപ്പ് യന്ത്രങ്ങളോരോന്നും സൂക്ഷിക്കുക.
ഇങ്ങനെ സൂക്ഷിക്കുന്ന മെഷീനുകളാണ് വോട്ടെടുപ്പിന് തലേന്ന് സ്ട്രോങ്ങ് റൂം തുറന്ന് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നത്. ഇ.വി.എമ്മുകളുടെ കമ്മിഷനിങ്ങ് പ്രക്രിയ പൂര്‍ണമായും വെബ്കാസ്റ്റ് ചെയ്യുന്നുണ്ട്.
സ്ട്രോങ്ങ് റൂമുകളില്‍ കനത്ത സുരക്ഷയിലാണ് ഇവ സൂക്ഷിക്കുന്നതും. ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ 1315 പോളിങ്ങ് സ്റ്റേഷനുകളാണുള്ളത്. വോട്ടിങ് യന്ത്രങ്ങള്‍ ഏപ്രില്‍ 25ന് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.
ദേവികുളം മണ്ഡലത്തില്‍ 195, ഉടുമ്പന്‍ചോലയില്‍ 193, തൊടുപുഴ 216, ഇടുക്കി 196, പീരുമേട് 203, മൂവാറ്റുപുഴ 153, കോതമംഗലം 159 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള പോളിങ്ങ് സ്റ്റേഷനുകളുടെ എണ്ണം.
ദേവികുളം മണ്ഡലത്തിന്റെ സ്ട്രോങ് റൂമില്‍ 234 ബാലറ്റ് യൂണിറ്റ്, 234 കണ്ട്രോള് യൂണിറ്റ്, 253 വിവിപാറ്റ് , ഉടുമ്പന്‍ചോലയില്‍ 231 ബാലറ്റ് യൂണിറ്റ്, 231 കണ്ട്രോള് യൂണിറ്റ്, 250 വിവിപാറ്റ്, തൊടുപുഴയില്‍ 259 ബാലറ്റ് യൂണിറ്റ്, 259 കണ്ട്രോള് യൂണിറ്റ്, 280 വിവിപാറ്റ്, ഇടുക്കിയില്‍ 235 ബാലറ്റ് യൂണിറ്റ്, 235 കണ്ട്രോള് യൂണിറ്റ്, 254 വിവിപാറ്റ് ,പീരുമേട്ടില്‍ 243 ബാലറ്റ് യൂണിറ്റ്, 243 കണ്ട്രോള് യൂണിറ്റ്, 263 വിവിപാറ്റ് ,മുവാറ്റുപുഴയില്‍ 183 ബാലറ്റ് യൂണിറ്റ്, 183 കണ്ട്രോള് യൂണിറ്റ്, 197 വിവിപാറ്റ് ,കോതമംഗലത്ത് 190 ബാലറ്റ് യൂണിറ്റ്, 190 കണ്ട്രോള് യൂണിറ്റ്, 205 വിവിപാറ്റ് എന്നിങ്ങനെയാണ് സൂക്ഷിച്ചിരിക്കുന്നത്.