പായ്ക്കറ്റ് പൊറോട്ടയ്ക്ക് 18 ശതമാനം ജി.എസ്.റ്റി ഈടാക്കാനുള്ള തീരുമാനം റദ്ദാക്കി ഹൈക്കോടതി
കൊച്ചി: പകുതി വേവിച്ച് പായ്ക്കറ്റിലാക്കിയ പൊറോട്ടയ്ക്ക് അഞ്ച് ശതമാനത്തിലധികം ജിഎസ്ടി വാങ്ങരുതെന്ന് ഹൈക്കോടതി. പായ്ക്കറ്റ് പൊറോട്ടയ്ക്ക് 18 ശതമാനം ജി.എസ്.റ്റി ചുമത്തിയ ഉത്തരവ് ചോദ്യം ചെയ്ത് മോഡേണ്‍ ഫുഡ് എന്റർപ്രൈസസ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ദിനേശ് കുമാര്‍ സിംഗിന്റെ ഉത്തരവ്. 18 ശതമാനം ജി.എസ്.റ്റി ഈടാക്കാനുള്ള തീരുമാനം കോടതി റദ്ദാക്കി.
ക്ലാസിക് മലബാര്‍ പൊറോട്ടയ്ക്കും ഓള് വീറ്റ് മലബാര്‍ പൊറോട്ടയ്ക്കും ജി.എസ്.റ്റി ആക്ട് പ്രകാരം 18 ശതമാനം നികുതി ചുമത്തിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്.
ജി.എസ്.റ്റി അപ്പലേറ്റ് അഥോറിറ്റിയില്‍ നല്കിയ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. പൊറോട്ട റൊട്ടിയായി കണക്കാക്കാനാകില്ലെന്നതടക്കം വിലയിരുത്തിയായിരുന്നു 18 ശതമാനം ജി.എസ്.റ്റി ഈടാക്കാനുള്ള തീരുമാനം അപ്പലേറ്റ് അഥോറിറ്റി നേരത്തേ ശരിവച്ചത്.
ധാന്യ പൊടി കൊണ്ടുണ്ടാക്കുന്ന പൊറോട്ട, റൊട്ടി ഇനത്തില്‍ വരുന്ന ഉത്പന്നമായതിനാല്‍ അഞ്ച് ശതമാനം ജി.എസ്.റ്റി മാത്രമേ ബാധകമാവൂ എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
അതേസമയം, ചപ്പാത്തിക്കും റൊട്ടിക്കും മാത്രമാണ് 18 ശതമാനം ജി.എസ്.റ്റിയില്‍ ഇളവ് നല്‍കിയിട്ടുള്ളതെന്നും പൊറോട്ട ഈ ഗണത്തില്‍ വരില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, പൊറോട്ടയും ചപ്പാത്തിയും ധാന്യപ്പൊടിയില്‍ നിന്ന് സമാനമായി തയാറാക്കുന്നത് ആണെന്ന് വിലയിരുത്തിയ കോടതി ഈ വാദങ്ങള്‍ തള്ളി.