സുഗന്ധഗിരി മരംമുറി; 2 ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്പെന്ഷന്
കോഴിക്കോട്: വയനാട് സുഗന്ധഗിരി വനഭൂമിയിൽ നിന്ന് മരം മുറിച്ച് കടത്തിയ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്പെന്ഷന്. ഡി.എഫ്.ഒ എ ഷജ്ന, റേഞ്ച് ഓഫീസര്‍ എം സജീവന്, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവര്‍ക്കാണ് സസ്പെന്ഷന്.
ഇതോടെ കേസിൽ സസ്പെന്‍ഷനിലാകുന്ന വനംവകുപ്പ് ജീവനക്കാരുടെ എണ്ണം ഒമ്പതായി. വനംവകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ക്രമക്കേട് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയെന്ന അന്വേഷണ റിപ്പോര്ട്ടിന്മേലാണ് നടപടി.
ക്രമക്കേടില്‍ കല്‍പ്പറ്റ റേഞ്ച് ഓഫീസര്‍ കെ നീതുവിനെ ബുധനാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു. ഡിവിഷണൽ ഫോറസ്റ്റ് ഓഫിസറും രണ്ട് റേഞ്ച് ഓഫിസർമാരും ഉൾപ്പെടെ 18 ഉദ്യോഗസ്ഥർ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
ഇവർക്കെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ നിർദേശിച്ചിരുന്നു. സുഗന്ധഗിരി വനഭൂമിയിൽ നിന്ന് 126 മരങ്ങളാണ് മുറിച്ചു കടത്തിയത്.
പ്രതികളിൽ നിന്ന് ഫോറസ്റ്റ് വാച്ചർ ആർ. ജോൺസൺ 52,000 രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മുറിക്കേണ്ട മരങ്ങൾ കരാറുകാരന് കാണിച്ചു കൊടുത്തുവെന്നും റിപ്പോർട്ടിലുണ്ട്.
സംഭവത്തിൽ കൽപ്പറ്റ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.കെ. ചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സജി പ്രസാദ്, എം.കെ വിനോദ് കുമാർ , വാച്ചർമാരായ ജോൺസൺ, ബാലൻ എന്നിവർ സസ്പെൻഷനിലാണ്.