കോൺഗ്രസ് ലീഗിന്റെ കൊടി ഉപേക്ഷിച്ചത് ബി.ജെ.പിയെ ഭയന്നാണെന്ന് എം.വി ഗോവിന്ദൻ
ആലപ്പുഴ: കോൺഗ്രസ് സ്വന്തം കൊടി ഉപേക്ഷിച്ച് വയനാട് ഇറങ്ങിയത് ബി.ജെ.പിയോടുള്ള ഭയം കൊണ്ടാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
ബി.ജെ.പിക്കെതിരായ മത്സരം എന്നാണ് കോൺഗ്രസ് പറയുന്നത്. എന്നിട്ടും പതാക പോലും ഉയർത്താൻ കഴിയുന്നില്ല. ലീഗിന്റ സഹായമില്ലങ്കിൽ വയനാട് രാഹുൽ വിജയിക്കില്ല.
മുസ്ലീംലിഗിന്റെ കൊടി ഉയർത്തിയാൽ പിന്നെ കോൺഗ്രസിന്റെ കൊടി ഉയർത്താനാവില്ല. ബി.ജെ.പിയെ ഭയന്നിട്ടാണ് മുസ്ലിം ലീഗിന്റെ കൊടി ഉപേക്ഷിച്ചത്.
പാകിസ്ഥാന്റെ അല്ല ലീഗിന്റെയാണ് കൊടിയെന്ന് പറയാനുള്ള ആർജവം കോൺഗ്രസ് കാട്ടണം. ബി.ജെ.പിയെ കോൺഗ്രസിന് ഭയമാണ്. പിന്നെങ്ങനെ കോൺഗ്രസ് ഫാസിസത്തെ നേരിടും.
ബി.ജെ.പി സ്ഥാനാർഥികളിൽ 417 പേരിൽ 318 പേരും കോൺഗ്രസിൽ നിന്നും മറ്റു പാർട്ടികളിൽ നിന്നും വന്നവരാണ്. രാഹുൽ ഗാന്ധി ഇടതുപക്ഷത്തെ വിമർശിക്കുന്ന സമയത്ത് സ്വന്തം പാർട്ടിയിലെ കാര്യങ്ങൾ നോക്കണം.
ഇന്ത്യയെ മത രാഷ്ട്രമാക്കി മാറ്റാനാണ് ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ശ്രമം. കടുത്ത ഫാസിസ്റ്റ് അജണ്ടയിലേക്ക് കൈവഴി തുറന്നത് പൗരത്വ ഭേദഗതി നിയമത്തിലൂടെയാണ്. അതിനെ എതിർത്തത് ഇടതുപക്ഷം മാത്രമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
സി.എ.എ വിഷയത്തിൽ കോൺഗ്രസ് നിലപാട് പറയുന്നില്ല. രാഹുൽ ഗാന്ധി ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കേണ്ടി വരുമെന്നാണ് കോൺഗ്രസ് പറയുന്നത്.
ഇലക്ടറൽ ബോണ്ടിൽ സുപ്രീം കോടതി വിധിയെ പ്രധാനമന്ത്രി പരിഹസിക്കുകയാണ് ചെയ്തത്. അഴിമതിയിൽ ബി.ജെ.പിയുടെ കാപട്യം വ്യക്തമായി. ഇലക്ടറൽ ബോണ്ട് കൊള്ളയിൽ കൂട്ടുപ്രതിയാണ് കോൺഗ്രസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.