എൻ.ഐ.ടി ഖുറാനും ബൈബിളും മലയാള പുസ്തകങ്ങളും ഒഴിവാക്കിയ സംഭവത്തിൽ റിപ്പോർട്ട് തേടി ന്യൂനപക്ഷ കമീഷൻ
കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഖുറാനും ബൈബിളും മലയാള പുസ്തകങ്ങളും ഒഴിവാക്കിയ നടപടിയിൽ ന്യൂനപക്ഷ കമീഷൻ റിപ്പോർട്ട് തേടി.
എൻ.ഐ.ടി ലൈബ്രറിയിൽ നിന്ന് ഖുർആൻ മലയാളപരിഭാഷ, ഇസ്ലാമിക സാഹിത്യങ്ങൾ, ബൈബിൾ, ഇടതുപക്ഷ അനുകൂല പുസ്തകങ്ങൾ, സാഹിത്യം തുടങ്ങിയവ നീക്കം ചെയ്യാനുളള തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജിയിലാണ് കമീഷന്റെ നടപടി.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഡയറക്ടർ, രജിസ്ട്രാർ, മാനവ വിഭവ ശേഷി മന്ത്രാലയം ഡയറക്ടർ ജനറൽ എന്നിവരോടാണ് റിപ്പോർട്ട് തേടിയത്.
ഏപ്രിൽ 29ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങിൽ നേരിട്ട് ഹാജരായി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ഇടതുപക്ഷ അനുകൂല പുസ്തകങ്ങൾ, സാഹിത്യം,ബൈബിൾ, ഖുറാൻ തുടങ്ങി എല്ലാ പുസ്തകങ്ങളും ലൈബ്രറിയിൽ നിന്ന് നീക്കം ചെയ്തിരുന്നു.
ഡി.സി ബുക്സിന് കൊടുത്ത പർച്ചേയ്സ് ഓർഡറും കാൻസൽ ചെയ്തു. രാമായണവും മഹാഭാരതവും ഭഗവത് ഗീതയും മാത്രം സൂക്ഷിച്ചാൽ മതിയെന്ന് എൻ.ഐ.ടി രജിസ്ട്രാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായാണ് വിവരം.
ഡെപ്യൂട്ടി ലൈബ്രേറിയൻ, ഖുർആൻ ഇവിടെ നിന്ന് എടുത്തു മാറ്റാൻ പറയുകയും ഇതൊന്നും ഇവിടെ വയ്ക്കേണ്ട സാധനമല്ലെന്ന് പറയുകയും ചെയ്തിരുന്നു.
സംഘപരിവാർ സ്ഥാപനങ്ങളിൽ നിന്ന് പുസ്തകം വാങ്ങാനാണ് നിർദേശം. ഇതിന്റെ ഭാഗമായി പർച്ചേയ്സ് കമ്മിറ്റി പിരിച്ചു വിട്ടു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നുണ്ടെങ്കിലും ഡെപ്യൂട്ടി രജിസ്ട്രാർ, അസി. രജിസ്ട്രാർ തസ്തികയിലേക്ക് എഴുത്തു പരീക്ഷ നടത്താനും നീക്കമുണ്ട്.
രജിസ്ട്രാറുടെ നാട്ടുകാരായ രണ്ട് കർണാടകം സ്വദേശികളായ വിമുക്തഭടന്മാരെ നിയമിക്കാനാണ് ശ്രമം. ലൈബ്രറിയിലെ താൽക്കാലിക ജീവനക്കാരെ ശമ്പളം നൽകാതെ പിരിച്ചു വിട്ടിട്ടുണ്ട്.
കഴിഞ്ഞ 28ന് ഇവരുടെ കരാർ കാലാവധി അവസാനിച്ചെന്ന് കാണിച്ചാണ് പിരിച്ചുവിട്ടത്. എന്നാൽ 14 പേരെ നിലനിർത്തിയിരുന്നു.
സ്റ്റോക്ക് രജിസ്റ്ററിൽ പുസ്തകം കാണുന്നില്ലെന്നും ഇതിന്റെ തുക താൽക്കാലിക ജീവനക്കാർ നൽകണമെന്ന് പറഞ്ഞതോടെ എല്ലാ താൽക്കാലിക ജീവനക്കാരും രാജിവയ്ക്കുകയായിരുന്നു.
മുസ്ലിം ജീവനക്കാരോട് വർഗീയ വിവേചനം കാണിക്കുന്നതായും ആരോപണമുണ്ട്. ആദ്യം പിരിച്ചു വിട്ടതും മുസ്ലിം ജീവനക്കാരെയാണ്.