സുഗന്ധഗിരി വനംകൊള്ള കേസിൽ 18 ഉദ്യോഗസ്ഥർക്ക് ഗുരുതര പിഴവുകൾ പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്
കൽപ്പറ്റ: സുഗന്ധഗിരി വനം കൊള്ളയിൽ 18 വനംവകുപ്പ് ഉദ്യോഗസ്ഥർക്കു ഗുരുതരമായ പിഴവുകൾ പറ്റിയതായി അന്വേഷണ റിപ്പോർട്ട്.
ഡി.എഫ്.ഒ ഷജ്ന കരീം, റേഞ്ച് ഓഫിസർ കെ നീതു, ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം സജീവൻ എന്നിവർ ഉൾപ്പെയുള്ളവർക്ക് എതിരെയാണ് റിപ്പോർട്ട്.
കൽപ്പറ്റ സെക്ഷൻ ഓഫിസർ കെ.കെ ചന്ദ്രൻ, വാച്ചർ ജോൺസൺ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സജി പ്രസാദ്, എം.കെ വിനോദ് കുമാർ, ബാലൻ എന്നിവർ സസ്പെൻഷനിലാണ്.
ഇവർക്കു പുറമേ കൽപ്പറ്റ ബീറ്റ് ഫോറസ്റ്റേ ഓഫിസർമാരായ സി.എസ് വിഷ്ണു, പി സിയാദ് ഹസൻ, നജീബ്, ഐ.വി. കിരൺ, കെ.എസ് ചൈതന്യ, കൽപ്പറ്റ സെക്ഷൻ ഫോറസ്റ്റ് വാച്ചർമാരായ ആർ.വിൻസന്റ്, പി.ജി വിനീഷ്, കെ. ലക്ഷ്മി, എ.എ ജാനു, കൽപ്പറ്റ ഫ്ളയിങ് സ്ക്വാഡ് സെപ്യൂട്ടി റേഞ്ച് ഓഫിസർ ബീരാൻ കുട്ടി എന്നിവരെയാണു കുറ്റക്കാരായി കണ്ടെത്തിയത്.
ഇവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ വനം സെക്രട്ടറിയെ ചുമതലപ്പെടുത്തി. കേസിൽ ഒമ്പതു പേർ നേരത്തെ അറസ്റ്റിലായിരുന്നു.
വനം ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതായി വ്യക്തമായതിനെ തുടർന്ന് ഒരാളെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും.