യു.ഡി.എഫിന്റെ സൈബർ അറ്റാക്കിനെതിരെ നടപടിയെടുക്കണമെന്ന് കെ.കെ ശൈലജ
വടകര: നവമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യക്തിഹത്യയും വ്യാജ പ്രചാരണങ്ങളും യു.ഡി.എഫ് അവസാനിപ്പിക്കണമെന്നും ഇവയ്ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും വടകര ലോക്സഭ മണ്ഡലം സ്ഥാനാർഥി കെ.കെ ശൈലജ ടീച്ചർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വ്യാജ പ്രചാരണം യു.ഡി.എഫ് സ്ഥാനാർഥി അറിയാതെയാണെന്നത് വിശ്വസിക്കാനാവില്ല. അഭിമുഖത്തിൽ പറയുന്ന കാര്യങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നു.
ഒന്നിനു പുറകെ ഒന്നായി വ്യാജ പ്രചാരണം നടത്തുന്നു. സാമുദായിക നേതാക്കളുടെ ലെറ്റർപാഡ് പോലും വ്യാജമായി ഉണ്ടാക്കുന്നു. ഇതൊക്കെ യു.ഡി.എഫ് സ്ഥാനാർഥി അറിയാതെയാണെന്ന് പറയുന്നത് വിശ്വസനീയമല്ല.
ഇത്തരം പ്രചാരണം നിരുത്സാഹപ്പെടുത്താൻ സ്ഥാനാർഥി തയ്യാറാവുന്നില്ല. എ.പി അബൂബക്കർ മുസ്ലിയാരുടെ ലെറ്റർപാഡ് വ്യാജമായി നിർമിച്ചു പോലും തെറ്റായ പ്രചാരണം നടത്തി.
ഒരു ആത്മീയ നേതാവിന്റെ ലെറ്റർപാഡാണ് വ്യാജമായി നിർമിച്ചത്. ആത്മീയ നേതാക്കൾ പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്ന് വരുത്തുകയാണ് ലക്ഷ്യം.
ഇത് വിശ്വാസികൾ മനസ്സിലാക്കും. ഇതിനെതിരെ നിയമ നടപടിയെടുക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാർഥിയും അവരുടെ സൈബർ വിങ്ങുമാണ് വ്യാജപ്രചരണം നടത്തുന്നത്.
ഇതു സംബന്ധിച്ച് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമീഷനും വരണാധികാരിക്കും പരാതി നൽകും. വടകരയിൽ എൽ.ഡി.എഫ് വിജയിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ജനങ്ങളുടെയാകെ പ്രതികരണമാണത്. ഇതിൽ വിറളി പൂണ്ടിട്ടായിരിക്കാം എന്നെ തേജോവധം ചെയ്യൽ. വ്യാജ പ്രചാരണത്തിനായി പ്രത്യേക ഗൂഢ സംഘം തന്നെ പ്രവർത്തിക്കുന്നു.
ഒരു ധാർമികതയും ഇല്ലാതെയാണ് യുഡിഎഫ് ഇതൊക്കെ ചെയ്യുന്നതെന്ന് വോട്ടർമാർ തിരിച്ചറിയും. എന്റെ വടകര കെ.എൽ 18നെന്ന ഇൻസ്റ്റഗ്രാം പേജിൽനിന്നാണ് വീഡിയോകളും വൃത്തികെട്ട പോസ്റ്റുകളുമെല്ലാം വരുന്നത്.
മോർഫ് ചെയ്ത ചിത്രങ്ങളാണ് കുടുംബ പേജുകളിൽ എത്തിക്കുന്നത്. കുടുംബങ്ങളിൽനിന്ന് വലിയ പിന്തുണ എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിക്കുന്നതിനാലാകാം ഇത്തരം പ്രചാരണം.
പാനൂർ ബോംബ് സ്ഫോടനത്തിൽ പങ്കുണ്ടെന്ന് വരുത്താൻ വ്യാജ ചിത്രം തയ്യാറാക്കി പ്രചരിപ്പിച്ചു. കൊട്ടിയത്തുള്ള നൗഫലിന്റെ പടം പ്രതിയുടേതെന്ന് പറഞ്ഞ് പ്രചരിപ്പിച്ചു.
സെമിനാറിലെ പ്രസംഗത്തിൽ വ്യക്തമായി പറഞ്ഞ കാര്യങ്ങളിലെ ചില ഭാഗങ്ങൾ മാത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു. മാതൃഭൂമിയുടെ ഓൺലൈൻ പേജ് വ്യാജമായി ഉപയോഗിച്ചും പ്രചാരണം നടത്തി.
ഇതൊക്കെ ചെയ്യുമ്പോഴും ഒന്നും അറിഞ്ഞില്ലെന്ന ഭാവത്തിലാണ് യുഡിഎഫ് സ്ഥാനാർഥി. നവമാധ്യമങ്ങളിലൂടെ മോശമാക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വെറുതെയാണ്. ഈ നാട്ടിലെ മുഴുവൻ ആളുകൾക്കും എന്നെ അറിയാം.
നിങ്ങൾക്ക് രാഷ്ട്രീയമായ വിഷയത്തിൽ വിയോജിപ്പ് പറയാം. ഇത്തരത്തിൽ വ്യക്തിഹത്യ നടത്തുന്നത് എന്തിനാണ്?
വ്യാജ പ്രചാരണം നടത്തിയതു കൊണ്ട് എന്തെങ്കിലും നേടാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് വിലപ്പോവില്ലെന്നും ഇതൊക്കെ ജനം തള്ളിക്കളയുമെന്നും കെ.കെ ശൈലജ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കെ.ടി കുഞ്ഞിക്കണ്ണൻ, കെ.പി ബിന്ദു, എടയത്ത് ശ്രീധരൻ എന്നിവരും പങ്കെടുത്തു.