പാകിസ്ഥാനിലെ ഭീകരാക്രമണത്തിൽ 11 പേർക്ക് ജീവൻ നഷ്ടമായി
ബലൂചിസ്ഥാൻ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നടന്ന ഭീകരാക്രമണങ്ങളിൽ 11 പേർ കൊല്ലപ്പെട്ടു. രണ്ട് വ്യത്യസ്തമായ ഭീകരാക്രമണങ്ങൾ നടന്നതായി ശനിയാഴ്ചയാണ് അധികൃതർ അറിയിച്ചത്.
ഉടന്‍ തന്നെ ഭീകരരെ പിടികൂടുമെന്ന് ബലൂചിസ്ഥാൻ മുഖ്യമന്ത്രി മിര്‍ സര്‍ഫറാസ് ബുഗ്തി അറിയിച്ചിട്ടുണ്ട്. പാക് ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി സംഭവത്തെ അപലപിക്കുകയും സർക്കാർ കൊല്ലപ്പെട്ടവരുടെ കൂടെയാണെന്ന് അറിയിക്കുകയും ചെയ്തു.
അഫ്ഗാൻ ഇറാൻ അതിർത്തിയായ നോഷ്കി ജില്ലയിലെ ഹൈവേയിലാണ് രണ്ട് തവണയും ഭീകരാക്രമണം ഉണ്ടായത്.
ആദ്യ സംഭവത്തിൽ ക്വറ്റയില്‍ നിന്ന് തഫ്താനിലേക്ക് പോകുകയായിരുന്ന ബസ് ആയുധധാരികൾ തടഞ്ഞ് നിർത്തുകയും ഒമ്പത് പേരെ തട്ടിക്കൊണ്ട് പോവുകയും ചെയ്തു.
പിന്നീട് ഈ ഒമ്പത് പേരുടെയും മൃതദേഹങ്ങള്‍ ഒരു പാലത്തിന് സമീപമുള്ള മലയോര പ്രദേശങ്ങളില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തി.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവർ. ഹൈവേയിൽ സഞ്ചരിച്ച ഒരു കാറിന് നേരെ വെടിയുതിർത്തതാണ് രണ്ടാമത്തെ സംഭവം.
കാറിലുണ്ടായിരുന്ന രണ്ട് പേർ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതുവരെ ആരും ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
ഈ വർഷം പ്രവിശ്യയിൽ ഭീകരാക്രമണങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ വർധിച്ചിട്ടുണ്ട്. സുരക്ഷാ സേനയെ ലക്ഷ്യമിട്ട ആക്രമണങ്ങളായിരുന്നു പലതും.