മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്(എൻ.ക്യു.എ.എസ്) അംഗീകാരം.
തൃശൂർ പാറളം കുടുംബാരോഗ്യ കേന്ദ്രം 92 ശതമാനം സ്കോറും, പാലക്കാട് കുളപ്പുള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം 86 ശതമാനം സ്കോറും, കൊല്ലം കരുനാഗപ്പള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം 89 ശതമാനം സ്കോറും നേടിയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയത്.
ഈ സർക്കാരിന്റെ കാലത്ത് ഇതുവരെ പുതിയതും പുനഃഅംഗീകാരവും ഉൾപ്പെടെ ആകെ 143 സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ് അംഗീകാരം ലഭിച്ചത്.
മികച്ച സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി കൂടുതൽ സർക്കാർ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയർത്താനായി നടത്തിയ നടപടികളുടെ ഭാഗമായാണ് ഈ അംഗീകാരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ താലൂക്ക്, ജില്ലാ ആശുപത്രികളിൽ കൂടി ഗുണനിലവാരം ഉറപ്പാക്കാനായുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.
സംസ്ഥാനത്ത് ആകെ 175 ആശുപത്രികൾക്ക് എൻ.ക്യു.എ.എസ് അംഗീകാരവും 76 ആശുപത്രികൾക്ക് പുനഃഅംഗീകാരവും നേടിയെടുക്കാനായി.
അഞ്ച് ജില്ലാ ആശുപത്രികൾ, നാല് താലൂക്ക് ആശുപത്രികൾ, ഒമ്പത് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 116 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
എട്ട് വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്.
എൻ.ക്യു.എ.എസ് അംഗീകാരത്തിന് മൂന്ന് വർഷത്തെ കാലാവധിയാണുളളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും.
കൂടാതെ വർഷാ വർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും. ആശുപത്രികളുടെ കൂടുതൽ വികസനത്തിന് ഈ തുക സഹായിക്കും.