സർക്കാരിനെതിരേ ക്യാംപെയ്ന് ഒരുങ്ങി സിപി.ഒ റാങ്ക് ലിസ്റ്റുകാർ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ മാസങ്ങളോളം സമരം നടത്തിയിട്ടും ഫലം കാണാതെ സിവിൽ പൊലീസ് ഓഫിസർ(സി.പി.ഒ) റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ സർക്കാരിനെതിരേ ക്യാംപെയ്ൻ നടത്താൻ ഒരുങ്ങുന്നു.
2023ൽ വന്ന സി.പി.ഒ റാങ്ക് ലിസ്റ്റിൻറെ കാലാവധി അവസാനിച്ചു. ഇനിയെന്തെന്ന ചോദ്യത്തിനു മുന്നിൽ നിസഹായരായി നിൽക്കുന്നത് 1,000ലധികം ഉദ്യോഗാർഥികളാണ്.
എഴുത്തു പരീക്ഷയും കായിക പരീക്ഷയും അഭിമുഖവും കഴിഞ്ഞ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട തങ്ങളോടു കടുത്ത അനീതിയാണ് സർക്കാർ പുലർത്തുന്നതെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
സർക്കാരിനെതിരേ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തും. റാങ്ക് ലിസ്റ്റിൻറെ അവസാന ദിനമായ വെള്ളിയാഴ്ച കനത്ത മഴ പോലും വക വയ്ക്കാതെ സെക്രട്ടറിയേറ്റ് പടിക്കൽ ശയന പ്രദക്ഷിണം ചെയ്താണ് ഉദ്യോഗാർഥികൾ പ്രതിഷേധം രേഖപ്പെടുത്തിയത്.
മാസങ്ങൾ സമരം ചെയ്തിട്ടും ഭരണപക്ഷ യുവജന സംഘടനകളൊന്നും തിരിഞ്ഞു നോക്കിയില്ലെന്ന് അവർ പറയുന്നു. പ്രതിപക്ഷത്തിൻറെ പിന്തുണ ആവശ്യമില്ലെന്നും സമരക്കാർ പറഞ്ഞു.
നിയമനവുമായി ബന്ധപ്പെട്ട് ചെന്നെത്താത്ത പടിവാതിലുകളില്ല. ഒഴിവില്ലെന്ന സ്ഥിരം പല്ലവിയാണ് എല്ലായിടത്തു നിന്നും ലഭിച്ചത്. ഇതോടെ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുകയായിരുന്നു.
തല മുണ്ഡനം ചെയ്തും മണ്ണും പുല്ലും തിന്നും സമരം നടത്തി. ഒരു തവണ മാത്രമാണ് അധികാരികളുമായി ചർച്ച നടത്താൻ സാധിച്ചത്. എന്നാൽ ആ ചർച്ച എങ്ങുമെത്താതെ അവസാനിച്ചു.
പിന്നീടിതുവരെ ഒരു ചർച്ചകൾക്കും സർക്കാർ തയാറായില്ല. പലർക്കും പ്രായപരിധി കഴിഞ്ഞതിനാൽ ഇനി വീണ്ടും പരീക്ഷയെഴുതാൻ കഴിയാത്ത സാഹചര്യമാണ്.
ഏഴു ബറ്റാലിയനായി 13,975 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിലെ 4,436 പേർക്കുമാത്രമാണ് ഇതുവരെ നിയമനം ലഭിച്ചത്. ലിസ്റ്റിൻറെ കാലാവധി നീട്ടണമെന്നും സമരം തുടരുമെന്നും ഉദ്യോഗാർഥികൾ അറിച്ചു.