ഖത്തറിലേക്കുള്ള സര്‍വീസുകള്‍ പതിവുപോലെ നടത്തും: ഇന്ത്യന്‍ വിമാനകമ്പനികള്‍
ന്യൂഡല്‍ഹി: യുഎഇക്കു മുകളിലൂടെ പറക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും ഖത്തറിലേക്കുള്ള സര്‍വീസുകള്‍ പതിവുപോലെ നടത്തുമെന്ന് ഇന്ത്യന്‍ വിമാനകമ്പനികള്‍. ഷെഡ്യൂള്‍ പ്രകാരം സര്‍വീസുകള്‍ നടത്തുമെന്നും തടസങ്ങളില്ലെന്നും ജെറ്റ് എയര്‍വെയ്സും ഇന്‍ഡിഗോയും അറിയിച്ചു.
ദോഹയിലേക്കും തിരിച്ചുമുള്ള ഫ്ലൈറ്റുകള്‍ മുന്‍നിശ്ചയിച്ച പ്രകാരം സര്‍വീസ് നടത്തുമെന്നു ജെറ്റ് എയര്‍വെയ്സ് ട്വീറ്റ് ചെയ്തു. യുഎഇ ആസ്ഥാനമായ എത്തിഹാദ് എയര്‍വെയ്സിന്റെ തന്ത്രപ്രധാന പങ്കാളിയാണു ജെറ്റ് എയര്‍വെയ്സ്. എത്തിഹാദ് ഉള്‍പ്പെടെയുള്ള വിമാനകമ്പനികള്‍ ഖത്തറിലേക്കുള്ള സര്‍വീസുകളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്.
പതിവുപോലെ സര്‍വീസ് ഉണ്ടാകുമെന്നും മാറ്റങ്ങളുണ്ടെങ്കില്‍ യാത്രക്കാരെ അറിയിക്കുമെന്നും കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുകയാണെന്നും ഇന്‍ഡിഗോ ട്വിറ്ററില്‍ അറിയിച്ചു.
ജെറ്റ് എയര്‍വെയ്സ് ദിവസവും അഞ്ചു ഫ്ലൈറ്റുകളാണ് ദോഹയിലേക്കു സര്‍വീസ് നടത്തുന്നത്. ഡല്‍ഹി, മുംബൈ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍. എയര്‍ഇന്ത്യ കോഴിക്കോടുനിന്നു ദിവസവും മുംബൈയില്‍നിന്നു ആഴ്ചയില്‍ നാലുപ്രാവശ്യവും മംഗളുരുവില്‍നിന്നു മൂന്നുപ്രാവശ്യവും സര്‍വീസ് നടത്തുന്നു. ഇന്‍ഡിഗോ ഡല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നും ദിവസേന ദോഹയിലേക്കു സര്‍വീസ് നടത്തുന്നുണ്ട്.
ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിഛേദിച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള വിമാനയാത്രയ്ക്കു ചെലവും സമയവും കൂടാന്‍ സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയില്‍നിന്നു ദോഹയിലേക്കുള്ള ആകാശയാത്രയില്‍ രാജ്യത്തിനുമുകളിലൂടെ പറക്കുമ്പോള്‍ അനുമതി വാങ്ങണമെന്നു യുഎഇ ഇന്ത്യയ്ക്കു നിര്‍ദേശം നല്‍കിയെന്നാണു റിപ്പോര്‍ട്ടുകള്‍.
യുഎഇ നിര്‍ദേശം ശക്തമാക്കിയില്ലെങ്കില്‍ വിമാനയാത്ര പതിവുപോലെ നടക്കും. നേരെ മറിച്ചാണെങ്കില്‍ ഏറെ ദൂരം കൂടുതലായി സഞ്ചരിക്കേണ്ടിവരും. ഇതു ടിക്കറ്റുനിരക്കു കൂടാന്‍ വഴിയൊരുക്കും. യുഎഇ നിയന്ത്രണം വച്ചാല്‍, ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ അറേബ്യന്‍ സമുദ്രത്തിനു മുകളിലൂടെ ആദ്യം ഇറാനിലെത്തണം. ഖത്തറുമായി ഇറാനു ബന്ധമുണ്ട്. അവിടെനിന്നും പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറന്നുവേണം ഖത്തറില്‍ എത്താന്‍. തിരികെ വരുമ്പോഴും ഈ വഴിയെ ആശ്രയിക്കേണ്ടിവരും.
ഖത്തര്‍ എയര്‍വെയ്സിന്റെ ഫ്ലൈറ്റുകളെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കാര്യമായി ബാധിക്കും. ഡല്‍ഹിയില്‍നിന്നു ദോഹയിലേക്കു പാക്കിസ്താന്റെ മുകളിലൂടെ പോകുന്നതിനാല്‍, ഇവിടെനിന്നുള്ള യാത്രയ്ക്കു മുടക്കംവരില്ല. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് പ്രയാസം നേരിടും.