10 വയസുകാരിയെ ആൺസുഹൃത്ത് പീഡിപ്പിച്ചു: പുറത്ത് പറയാതിരിക്കാൻ അമ്മയുടെ ക്രൂരമർദനം
ലഖ്നൗ: അമ്മയുടെ ആൺസുഹൃത്തിൽ നിന്ന് നേരിട്ട ലൈംഗികാതിക്രമം പുറത്തറിയാതിരിക്കാൻ പത്തുവയസുകാരിയെ ക്രൂരമായി മർദിച്ച യുവതി അറസ്റ്റിൽ.
സംഭവത്തിൽ യുവതിയുടെ ആൺ സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. നാലു വർഷങ്ങൾക്കു മുൻപ് പെൺകുട്ടിയുടെ അച്ഛൻ മരിച്ചിരുന്നു.
തുടർന്ന് അമ്മയുടെ മാതാപിതാക്കളുടെ കൂടെയാണ് പെൺകുട്ടിയും സഹോദരനും താമസിച്ചിരുന്നത്. എന്നാൽ ഒരു വർഷം മുമ്പ് ഇവരുടെ അമ്മ വന്ന് ഇവരെ ഗാസിയാബാദിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
ഇവിടെ വെച്ചാണ് കുട്ടി അമ്മയുടെ ആൺസുഹൃത്തിന്റെ പീഡനത്തിനിരയായത്. പുറത്ത് പറയാതാിരിക്കാൻ പ്ലയർ ഉപയോഗിച്ച് അമ്മയും ഉപദ്രവിച്ചിരുന്നതായി കുട്ടി പൊലീസിനോട് പറഞ്ഞു.
വലുതാകുമ്പോൾ ലൈംഗിക തൊഴിൽ ചെയ്യണമെന്നാവശ്യപ്പെട്ട് കുട്ടിയെ നിർബന്ധിച്ചിരുന്നു. അമ്മയുടെയും സുഹൃത്തിന്റെയും പീഡനം സഹിക്ക വയ്യാതെ വന്നതോടെയാണ് കുട്ടി വീടുവിട്ടിറങ്ങിയത്.
പെൺകുട്ടിയുടെ 13 വയസുള്ള സഹോദരനെയും അമ്മയുടെ ആൺസുഹൃത്ത് ഉപദ്രവിച്ചിരുന്നു. സഹോദരനും നേരത്തെ വീടുപേക്ഷിച്ചു പോയി.
തെരുവിലൂടെ അലഞ്ഞ് നടക്കുന്ന കുട്ടിയെ ചിലർ ഡൽഹി പൊലീസിനേൽപ്പിച്ചപ്പോഴായിരുന്നു ഇത്തരം കഥകൾ പുറംലോകമറിയുന്നത്. പൊലീസ് കുട്ടിയെ ശിശുക്ഷേമ സമിതിക്കു കൈമാറി.
ശിശുക്ഷേമ സമിതി നടത്തിയ പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടാതായി കണ്ടെത്തി. തന്നെ ഉപദ്രവിച്ച ഡൽഹി സ്വദേശി രാജുവിനെ പെൺകുട്ടി തിരിച്ചറിഞ്ഞതായി അസിസ്റ്റന്റ് കമ്മിഷണർ ഭാസ്കർ ശർമ അറിയിച്ചു.