വെള്ളമുണ്ട ആക്രമണ കേസിൽ മാവോയിസ്റ്റ് നേതാവ് രൂപേഷിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് എൻ.ഐ.എ കോടതി
കൽപ്പറ്റ: വെള്ളമുണ്ട മാവോയിസ്റ്റ് ആക്രമണത്തിൽ കേസിൽ നാലു പ്രതികൾക്കും തടവുശിക്ഷ. ഒന്നാം പ്രതി രൂപേഷിന് 10 വർഷവും ഏഴാം പ്രതി അനൂപിന് എട്ട് വർഷവുമാണ് കൊച്ചി എൻ.ഐ.എ കോടതി ശിക്ഷ വിധിച്ചത്.
നാലാം പ്രതി കന്യാകുമാരി, എട്ടാം പ്രതി ബാബു എന്നിവർ ആറു വർഷം വീതം ശിക്ഷയനുഭവിക്കണം. 2014 ഏപ്രിൽ 24ന് മാവോയിസ്റ്റ് സംഘം പൊലീസ് ഓഫിസറുടെ വീട്ടിൽക്കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും വാഹനം കത്തിക്കുകയും ചെയ്ത കേസിലാണ് വിധി.
നാല് പ്രതികൾ കുറ്റക്കാരാണെന്ന് എൻഐഎ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മാനന്തവാടി ട്രാഫിക് യൂണിറ്റിൽ ജോലി ചെയ്തിരുന്ന പൊലീസുകാരൻ എ.ബി പ്രമോദിന്റെ നിരവിൽപ്പുഴ മട്ടിലയത്തുള്ള വീട്ടിൽ എത്തിയാണ് മാവോയിസ്റ്റുകൾ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കിന് തീയിട്ടു.
ഉന്നത പൊലീസ് അധികൃതർക്ക് മാവോയിസ്റ്റുകളെക്കുറിച്ച് വിവരം നൽകിയതിനായിരുന്നു പ്രമോദിനെതിരെയുള്ള മാവോയിസ്റ്റുകളുടെ ഭീഷണി. വിവരം നൽകുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
വെള്ളമുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് നൽകിയ റിപ്പോർട്ടുകളായിരുന്നു പ്രകോപിപ്പിച്ചത്. അമ്മ ജാനകിയെക്കൊണ്ട് വീട്ടിലെ ലൈറ്റുകൾ ഓഫാക്കിക്കുകയും ഫോൺ ചെയ്യരുതെന്ന് താക്കീത് നൽകുകയും ചെയ്തു.
സംഘം തിരികെ പോകുമ്പോഴാണ് പോസ്റ്റർ പതിച്ചത്. വീടിന്റെ അരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക് തള്ളിയിട്ടാണ് തീ കൊളുത്തിയത്. ഇവർ പോയ ഉടൻ ജനലിലൂടെ പ്രമോദും അമ്മയും ചേർന്ന് ബൈക്കിലേക്ക് വെള്ളമൊഴിച്ച് തീയണയ്ക്കുകയായിരുന്നു.
പിന്നീടും വെള്ളമുണ്ട, തൊണ്ടർനാട് മേഖലകളിൽ നിരവധി തവണ മാവോയിസ്റ്റ് ആക്രമണമുണ്ടായി. തൊണ്ടർനാട് ചപ്പ വന മേഖലയിൽ 2014 ഡിസംബറിൽ തന്നെ മാവോയിസ്റ്റുകൾ തണ്ടർബോൾട്ട് സേനയ്ക്കു നേരെ വെടി ഉതിർത്തിരുന്നു.