ഇന്ത്യയെ മതനിരപേക്ഷ രാഷ്ട്രമായി നിലനിർത്താൻ ഇടതുപക്ഷത്തിനേ കഴിയൂവെന്ന് സുസ്മേഷ് ചന്ത്രോത്ത്
കൊച്ചി: പുരോഗമന ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രമായി ഇന്ത്യയെ നിലനിർത്താൻ ഇടതുപക്ഷത്തിനേ കഴിയൂവെന്ന് പ്രശസ്ത കഥാകൃത്ത് സുസ്മേഷ് ചന്ദ്രോത്ത്. രാഷ്ട്രീയശരികൾ പിന്തുടരുന്നത് ഇടതുപക്ഷം മാത്രമാണ്.
രാഷ്ട്രീയധാർമികതയും ശരിയും പാർലമെന്റിൽ ഉന്നയിക്കാൻ ഇടതുപക്ഷത്തിന്റെ സാന്നിധ്യം ആവശ്യമാണ്. നമ്മുടെ ഭരണഘടന തിരുത്തപ്പെടരുത്. അത് സംരക്ഷിക്കപ്പെടണം.
ഭരണഘടനയുടെ കാവലാളാകാൻ, സാഹോദര്യം നിലനിർത്താൻ ഇടതുപക്ഷം വിജയിച്ചേ തീരൂവെന്നും അദ്ദേഹം പറഞ്ഞു.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഭരിക്കുന്ന ഇന്നത്തെ ഇന്ത്യ തകർന്ന്, പുതിയൊരിന്ത്യ സൃഷ്ടിക്കപ്പെടുമെന്നതിന്റെ സൂചനകൾ ഉയരുന്നുണ്ട്.
ജവാഹർലാൽ നെഹ്റു സർവകലാശാലാ തെരഞ്ഞെടുപ്പു ഫലം ഇതിലേക്കുള്ള ചൂണ്ടുപലകയാണ്. നാലു വർഷമായി ബി.ജെ.പി സർക്കാർ തകർക്കാൻ ശ്രമിച്ച ക്യാമ്പസാണ് ജെ.എൻ.യു.
എന്നിട്ടും പുരോഗമന വിദ്യാർഥി മുന്നണി വിജയിച്ചു. വിദ്യാഭ്യാസവും തിരിച്ചറിവുമുള്ള യുവത മതവെറിയും വിദ്വേഷവും തിരസ്കരിക്കും. അവർ ഇടതുപക്ഷത്തെയാണ് സ്വീകരിക്കുക.
കേരളമടക്കമുള്ള തെക്കെ ഇന്ത്യയിൽ ബി.ജെ.പിയുടെ വർഗീയരാഷ്ട്രീയം പടരാതിരിക്കുന്നത് ഇത്തരമൊരു ജനത അവിടങ്ങളിൽ ഉള്ളതിനാലാണ്. ഉത്തരേന്ത്യയിലും പുതിയ തലമുറ ഇടതുപക്ഷത്തിന്റെ പതാകയ്ക്കുകീഴിൽ അണിനിരക്കുമെന്നാണ് പ്രതീക്ഷ.
അതിലൂടെ പുരോഗമന രാഷ്ട്രീയത്തിനും ഇടതുപക്ഷത്തിനും കരുത്ത് വർധിക്കുമെന്നു കരുതുന്നു. അതിൽ പ്രതീക്ഷ വയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.