കർഷക വിരുദ്ധതയുടെ കാര്യത്തിൽ ബി.ജെ.പിക്കും കോൺഗ്രസിനും ഒരേ സ്വരമെന്ന് മുഖ്യമന്ത്രി
പെരുമ്പാവൂർ: കോൺഗ്രസിനും ബി.ജെ.പിക്കും കർഷക വിരുദ്ധതയുടെ കാര്യത്തിൽ ഒരേ സ്വരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
റബർ മേഖലയെ പ്രതിസന്ധിയിലാക്കിയത് യു.പി.എ, എൻ.ഡി.എ സർക്കാരുകളാണെന്നും പെരുമ്പാവൂരിൽ എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞു.
യു.പി.എ സർക്കാർ കർഷകർക്കുള്ള വാഗ്ദാനങ്ങളൊന്നും നടപ്പാക്കാതിരുന്നത് ജനങ്ങളെ അസംതൃപ്തിയിലാക്കി. ആ ജനങ്ങളുടെ മുന്നിൽ ഒരുപാട് വാഗ്ദാധനങ്ങളുമായാണ് ബി.ജെ.പി പ്രത്യക്ഷപ്പെട്ടത്.
ഓർമ്മയിലെ ആ വാഗ്ദാനങ്ങൾ. ഓരോ ആളുകളുടെ അക്കൗണ്ടിലും 15 ലക്ഷം രൂപ വീതം വരാൻ പോകുകയാണെന്ന് പറഞ്ഞ കാര്യം. അങ്ങനെ എന്തെല്ലാം പറഞ്ഞു ബി.ജെ.പി.
അവരെങ്കിലും പ്രശ്നങ്ങൾ എല്ലാം പരിഹരിക്കുമെന്ന് കരുതി 2014ൽ ജനങ്ങൾ ബി.ജെ.പിയെ സ്വീകരിക്കാൻ തയ്യാറായി. എന്നാൽ പറഞ്ഞ വാഗ്ദാനങ്ങൾ എല്ലാം അവർ മറന്നു.
അവർ നടപ്പാക്കിയ നയങ്ങളും കോൺഗ്രസ് പിന്തുടർന്നവ തന്നെയായിരുന്നു. ഇതോടെ ജനങ്ങളെ തീവ്ര ദുരിതത്തിലേക്ക് ബി.ജെ.പി സർക്കാറും തള്ളിവിട്ടു. 2019ൽ അവർ വീണ്ടും അധികാരത്തിൽ വന്നപ്പോൾ ഭരണഘടനയടക്കം മാറ്റുവാനാണ് ശ്രമം.
ദുരിതത്തിന് മേലെ പല വിധ കരിനിയമങ്ങളും ബി.ജെ.പി അടിച്ചേൽപ്പിച്ചു. പൗരത്വ ഭേദഗതി നിയമമടക്കം ജനങ്ങളെ ഭിന്നിപ്പിക്കുവാനാണ് കൊണ്ടുവന്നത്.
അഭയാർത്ഥികളെ മതാടിസ്ഥാനത്തിൽ ഈ നിയമം വേർത്തിരിക്കുന്നു. ഹിന്ദുത്വ അജണ്ടയുള്ള ആർ.എസ്.എസിന്റെ നയങ്ങളാണ് ബി.ജെ.പി പിന്തുടരുന്നത്.
പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് കോൺഗ്രസ് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്. അവരുടെ മൗനം ആരുടെ അജണ്ടയാണെന്നും മുഖ്യമന്ത്രി ചോദിച്ചു.