സിയേറ ലിയോണിൽ ലഹരി നിർമ്മാണത്തിനായി ശവക്കുഴികൾ മാന്തുന്നു
സിയേറ ലിയോൺ: ലഹരി നിർമ്മാണത്തിനായി ശവക്കുഴികൾ മാന്തുന്നുത് തുടർകഥയായതോടെ ആഫ്രിക്കൻ രാജ്യമായ സിയേറ ലിയോണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മയക്കു മരുന്നായ കുഷ് കാരണം മരണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് പ്രസിഡന്റ് ജൂലിയസ് മാഡ ബിയോയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനം.
കുഷ് ലഹരിയുടെ നിർമ്മാണത്തിനായി ചില വിഷപദാർത്ഥങ്ങളും ഒപ്പം മനുഷ്യരുടെ അസ്ഥിയും ചേർക്കുന്നുണ്ട്. ഇതിനായി ആളുകൾ മനുഷ്യരുടെ അസ്ഥിക്ക് വേണ്ടി കുഴിമാടങ്ങൾ മാന്തുകയാണ്.
കുഷെന്ന മയക്കുമരുന്നിന്റെ വില്പനയും ഉപയോഗവും വ്യാപകമായതോടെ രാജ്യം കടുത്ത പ്രതിസന്ധിയിലായിരുന്നു. ആയിരക്കണക്കിന് ശവകുടീരങ്ങളാണ് രാജ്യത്ത് തകർത്തിരിക്കുന്നത്.
അതോടെ പലയിടത്തും ശവകുടീരങ്ങൾക്ക് കാവൽ ഏർപ്പാടാക്കിയിരിക്കുകയാണ്. യുവാക്കൾ സോംബികളെ പോലെ അലയുന്ന കാഴ്ച ഇവിടെ പതിവാണ്.
ലഹരിക്കടിമയായി അവയവങ്ങൾ തകരാറായി നൂറുകണക്കിന് യുവാക്കളാണ് രാജ്യത്ത് ഓരോ വർഷവും മരിക്കുന്നത്. തൊഴിൽ രഹിതരായ യുവാക്കൾ ഏറെയുളള സിയറ ലിയോണിൽ ജനസംഖ്യയുടെ നാലിലൊന്ന് പേർ ദാരിദ്ര്യത്തിലാണ്.
കുറഞ്ഞ വിലയിൽ ലഹരിമരുന്ന് ലഭിക്കുമെന്നത് യുവാക്കളിലേക്ക് എളുപ്പത്തിൽ ലഹരിയെത്തുവാൻ കാരണമാവുന്നു. അയൽ രാജ്യമായ പടിഞ്ഞാറൻ ആഫ്രിക്കയിലെ ലൈബീരിയയിലും ഈ ലഹരിയുടെ ഉപയോഗം വ്യാപകമാണ്.
മയക്കു മരുന്നിന്റെ വ്യാപകമായ ഉപയോഗത്തിന് തടയിടുന്നതിന് വേണ്ടി പ്രത്യേക ടാസ്ക് ഫോഴ്സുകൾ രൂപീകരിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
മയക്കു മരുന്നിന് അടിമകളായവർക്ക് വേണ്ടി അവരെ പരിചരിക്കുന്നതിനായി പ്രൊഫഷണലായ ആളുകളുടെ പ്രവർത്തനം ഉറപ്പാക്കുന്ന കേന്ദ്രങ്ങൾ രാജ്യത്തുടനീളം തുറക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു. മരണക്കെണി എന്നാണ് മയക്കുമരുന്നായ കുഷിനെ വിശേഷിപ്പിക്കുന്നത്.