ലോകത്തെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ പെറുവിലുണ്ടെന്ന് സർക്കാർ
ലിമ: ലോകത്തെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ രാജ്യത്ത് ജീവിക്കുന്നു എന്ന അവകാശവുമായി പെറു. സെൻട്രൽ പെറുവിലെ ഹുവാനുക മേഖലയിൽ ജീവിക്കുന്ന മാർസലീനോ അബാദിന് 124 വയസ്സുണ്ടെന്നാണ് സർക്കാർ രേഖകൾ പറയുന്നത്.
ഇതുവരെ സ്ഥിരീകരിക്കപ്പെട്ടതിൽ ഏറ്റവും പ്രായം കൂടിയ മനുഷ്യനും ഇദ്ദേഹമായിരിക്കും. മാർസലീനോ അബാദെന്ന മാഷികോ അപ്പൂപ്പന്റെ പേര് ഗിന്നസ് ബുക്കിൽ എഴുതി ചേർക്കുന്നതിനായി അപേക്ഷിക്കാൻ ഒരുങ്ങുകയാണ് പെറുവിയൻ സർക്കാർ.
1900 ൽ ജനിച്ചു എന്ന് പറയുന്ന മാഷികോ അപ്പൂപ്പന് 2019 ലാണ് തിരിച്ചറിയൽ രേഖയും പെൻഷനും സർക്കാർ നൽകുന്നത്. പെറുവിലെ ചെറുപട്ടണമായ ചഗല്ലയിലായിരുന്നു ജനനം.
ഇപ്പോൾ ഹുവാനുകയിലെ വയോജന സംരക്ഷണ കേന്ദ്രത്തിൽ ശാന്തമായ അന്തരീക്ഷത്തിൽ ജീവിക്കുകയാണ് മാഷികോ. കഴിഞ്ഞ ഏപ്രിൽ അഞ്ചിനായിരുന്നു മാഷികോയ്ക്ക് 124 വയസ്സ് തികഞ്ഞത്.
വയോജന സംരക്ഷണ കേന്ദ്രത്തിൽ വെച്ച് തന്നെയായിരുന്നു പിറന്നാൾ ആഘോഷം. പെറുവിലെ ആൻഡിയൻ കമ്മ്യൂണിറ്റികളിലെ പാരമ്പര്യമായ കൊക്ക ഇല ചവയ്ക്കുന്നത് അബാദ് ശീലമാക്കിയിരുന്നു.
പഴങ്ങൾ അടങ്ങിയ ഭക്ഷണവും ആട്ടിൻ മാംസവുമാണ് ഇപ്പോൾ അദ്ദേഹം കഴിക്കുന്നത്. മാർസലീനോ അബാദിന്റെ ആരോഗ്യ രഹസ്യം ഇതൊക്കെയാണെന്നാണ് പെറുവിയൻ സർക്കാർ പറയുന്നത്.
ഏറ്റവും പ്രായം കൂടിയെന്ന വ്യക്തിയെന്ന് അവകാശപ്പെടുന്ന നിരവധി അപേക്ഷകൾ തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് വക്താവ് പറയുന്നു.
ഔദ്യേഗിക രേഖകളും മറ്റ് തെളിവുകളും പരിശോധിക്കണമെന്നും, ഒരു വിദഗ്ദ സമിതിയെ ഇതിനായി ചുമതലപ്പെടുത്തിയുട്ടുണ്ടെന്നും റോയിട്ടേഴ്സിന് നൽകിയ രേഖാമൂലമുള്ള പ്രസ്താവനയിലൂടെ അദ്ദേഹം പറഞ്ഞു.
117 വയസ്സുള്ള ബ്രാന്യാസ് മൊറേരയാണ് ഇപ്പോൾ ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ വനിതയും വ്യക്തിയും.
പുരുഷൻമാരിൽ കഴിഞ്ഞ ഒരു മാസമായി 111 വയസ്സുള്ള ബ്രിട്ടീഷുകാരന്റെ പേരിലാണ് ഇപ്പോൾ റെക്കോർഡുള്ളത്. ഫ്രാൻസുകാരി ജീൻ കാൽമെന്റാണ് ഇതുവരെ ജീവിച്ചവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി.