തുടർച്ചയായ നാലാം ദിവസവും പാലക്കാട് താപനില 40 ഡിഗ്രിക്കു മുകളിൽ
തിരുവനന്തപുരം: പകൽ താപനില ക്രമാതീതമായി ഉയർന്നതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും അത്യുഷ്ണത്തിന്റെ പിടിയിലായി. പാലക്കാട് തുടർച്ചയായ നാലാം ദിവസവും താപനില 40 ഡിഗ്രിക്കു മുകളിലെത്തി.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 40.2 ഡിഗ്രി സെൽഷസാണ് ഇന്നലെ പാലക്കാട് അനുഭവപ്പെട്ട ചൂട്.
എന്നാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ നിന്നുള്ള കണക്കുകൾ പ്രകാരം പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂട് 42 ഡിഗ്രി സെൽഷസാണ്.
പാലക്കാട് ജില്ലയിലെ പോത്തുണ്ടിയിലാണ് 42 ഡിഗ്രി രേഖപ്പെടുത്തിയത്. ഇതുൾപ്പെടെ സംസ്ഥാനത്തെ 12 സ്ഥലങ്ങളിൽ പകൽതാപനില 41 ഡിഗ്രിക്കു മുകളിലെത്തിയിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ തന്നെ അടയ്ക്കാപൂത്തൂർ, കൊല്ലങ്കോട്, മലന്പുഴ, മംഗലം ഡാം, മങ്കര, ഒറ്റപ്പാലം എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയിലെ കുന്നന്താനം, മലപ്പുറം ജില്ലയിലെ നിലന്പൂർ, തൃശൂർ ജില്ലയിലെ വെള്ളാനിക്കര എന്നിവിടങ്ങളിലും ഇന്നലെ പകൽച്ചൂട് 41 ഡിഗ്രിക്കു മുകളിലെത്തി.
പാലക്കാടിനു പുറമെ കോട്ടയം, കോഴിക്കോട്, തൃശൂർ ജില്ലകളിലും ഇന്നലെ പകൽ താപനില ശരാശരിക്കു മുകളിലെത്തിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ കൂടിയ താപനില ശരാശരിക്കു മുകളിൽ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷസ് വരെ ഉയരാൻ സാധ്യതയുണ്ട്.
പാലക്കാട് ജില്ലയിൽ താപനില 41 ഡിഗ്രി വരെയും കൊല്ലം ജില്ലയിൽ 40 ഡിഗ്രി വരെയും തൃശൂർ ജില്ലയിൽ 39 ഡിഗ്രി വരെയും കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി വരെയും കാസർഗോഡ്, എറണാകുളം, ആലപ്പുഴ ജില്ലകളിൽ താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയുണ്ട്.
ഇവിടങ്ങളിലെ മലയോരമേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഞായറാഴ്ച വരെ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.